കടക്കെണിയിൽ നിന്ന് രക്ഷപെടാൻ സമ്മാനകൂപ്പണടിച്ച് നറുക്കെടുപ്പിന് ശ്രമം , സമ്മാനമായി ഇരുനില വീട് ;കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

കടബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്. കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

 
26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു.

കണ്ണൂര്‍: കടബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്. കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 1,500 രൂപയാണ് ഒരു കൂപ്പണിന്റെ നിരക്ക്. ഈ കൂപ്പണ്‍ നറുക്കെടുപ്പിനിടും. 3,300 സ്‌ക്വയര്‍ഫീറ്റ് വീടും ഭൂമിയും സമ്മാനമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 ശതമാനം വില്‍പ്പന പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.10,000 കൂപ്പണ്‍ ബെന്നി അച്ചടിച്ചിരുന്നു. ഡിസംബര്‍ 20 ന് നറുക്കെടുപ്പ് നടത്താമെന്നായിരുന്നു തീരുമാനം. അതിനിടെ തലേദിവസം ബെന്നിക്കെതിരെ കേസെടുക്കുകയായിരുന്നു.

ലോട്ടറി വകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെന്നിക്കെതിരെ കേസെടുത്തത്. കൂപ്പണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിശ്ചയിച്ച ദിവസം നറുക്കെടുപ്പ് നടത്താതിരുന്നതോടെ പണംകൊടുത്ത് കൂപ്പണ്‍ വാങ്ങിയവര്‍ പരാതിയുമായെത്തി. നറുക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ പ്രദേശത്തെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരുന്നുവെന്നാണ് ബെന്നി പറയുന്നത്. അതിനിടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഇതുമായി ബന്ധപ്പെട്ട സാധനങ്ങള്‍ പിടിച്ചെടുക്കുകയും വീട് കണ്ടുകെട്ടുകയും ചെയ്തു.

2025 മാര്‍ച്ചിലാണ് ഇതിന്റെ നടപടികള്‍ ആരംഭിക്കുന്നത്. അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബെന്നി പറഞ്ഞു. തന്റെ അവസ്ഥ കണ്ട് അന്ന് നാട്ടുകാര്‍ പിന്തുണച്ചിരുന്നുവെന്നും ബെന്നി വ്യക്തമാക്കി.