ആറളം ഫാമില്‍  കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തല്‍ ആരംഭിച്ചു: ആദ്യദിനത്തില്‍ കാടുകയറ്റിയത് നാലെണ്ണത്തെ

ആറളം ഫാമിലെ കാട്ടാനതുരത്തലിന്റെ  രണ്ടാം ഘട്ടമെന്ന നിലയില്‍  ഫാമിലെ കൃഷിയിടത്തില്‍ താവളമാക്കിയ ആനകളെ വനത്തിലേക്ക് തുരത്തല്‍ ബുധനാഴ്ച  ആരംഭിച്ചു.  

 

ഇരിട്ടി: ആറളം ഫാമിലെ കാട്ടാനതുരത്തലിന്റെ  രണ്ടാം ഘട്ടമെന്ന നിലയില്‍  ഫാമിലെ കൃഷിയിടത്തില്‍ താവളമാക്കിയ ആനകളെ വനത്തിലേക്ക് തുരത്തല്‍ ബുധനാഴ്ച  ആരംഭിച്ചു.  ആദ്യഘട്ടത്തില്‍ പുരധിവാസ മേഖലയില്‍ നിന്നും 20തോളം ആനകളെ വനത്തിലേക്ക്  തുരത്തിയിരുന്നു.

 മന്ത്രിതല യോഗത്തിന്റെ തീരുമാന പ്രകാരം കഴിഞ്ഞ ദിവസം സണ്ണിജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൃഷിയിടത്തില്‍ നിന്നുള്ള ആനകളെ കൂടി തുരത്താന്‍ തീരുമാനമെടുത്തത്.

വനം വകുപ്പിന്റെ പ്രത്യേക തുരത്തല്‍ സംഘം നടത്തിയ തിരച്ചലിനിടയില്‍ ഫാം ബ്ലോക്ക് മൂന്നിലെ കൃഷിയിടത്തില്‍ കണ്ടെത്തിയ നാല് ആനകളെയാണ് ബുധനാഴ്ച്ച കാട് കയറ്റിയത്. കൃഷിയിടത്തില്‍ നിന്നും കീഴ്പ്പള്ളി- പാലപ്പുഴ റോഡ് കടത്തി  കിലോമീറ്റര്‍ അകലെ താളിപ്പാറ- കോട്ടപ്പാറ വഴിയാണ് ആനകളെ ആറളം വന്യജീവി സങ്കേത്തിലേക്ക് തുരത്തിവിട്ടത്.

കൃഷിയിടത്തില്‍ 25-ല്‍ അധികം ആനകളുണ്ടെന്നാണ് തൊഴിലാളികളും മറ്റും പറയുന്നത്.  ഫാമിന്റെ കൃഷിയിടത്തില്‍ താവളമാക്കിയ ആനകളാണ് പുഴകടന്നും മറ്റും ആറളം, മുഴക്കുന്ന് , അയ്യന്‍കുന്ന് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം കരിക്കോട്ടക്കരി ടൗണിനടുത്തെത്തിയ പരിക്കേറ്റ കാട്ടാന ഫാമിലെ കൃഷിയിടത്തില്‍ നിന്നാണ് ജനവാസ മേഖലയിലേക്ക് എത്തിയത്. ഫാം പുരധിവാസ മേഖലയിലേക്കും  കൃഷിയിടത്തില്‍ നിന്നാണ് ആനകളെത്തുന്നത്. ആനമതിലിന്റെ നിര്‍മ്മാണം ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിനിടയില്‍ പുനരധിവാസ മേഖലയിലേയും ഫാം കൃഷിയിടത്തിലേയും എല്ലാ ആനകളേയും വനത്തിലേക്ക് തുരത്തി വനാതിര്‍ത്തിയില്‍ നിരീക്ഷണം സ്ഥാപിക്കാന്‍ നിരീക്ഷണ സമിതി നിര്‍്ദ്ദേശിച്ചിരുന്നു.

പുനരധിവാസമേഖലയിലെ താമസക്കാര്‍ക്കിടയില്‍ മുന്‍കൂട്ടി നിര്‍ദ്ദേശം നല്കിയും പോലീസിന്റെ സഹായത്താല്‍ പ്രദേശത്തെ റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയുമാണ് സുരക്ഷ ഉറപ്പാക്കിയത്.

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രദീപ്, കൊട്ടിയൂര്‍ റെയിഞ്ചര്‍ പി.പ്രസാദ്, വൈല്‍ഡ് ലൈഫ് എഡ്യുക്കേഷന്‍  ഡെപ്യൂട്ടി ഡയരക്ടര്‍ മനോജ് ബാലകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഇ.രാധ, ബിജി ജോണ്‍, വനം ദ്രുതകര്‍മ്മ സേന റെയിഞ്ചര്‍ എം.ഷൈനികുമാര്‍, ആറളം ഫാം സെക്യൂരിറ്റി ഓഫീസര്‍ എം.കെ. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള 35 അംഗ ദൗത്യസംഘമാണ് ആന തുരത്തലില്‍ പങ്കെടുക്കുന്നത്. വനപാലക സംഘത്തിനൊപ്പം ആറളം ഫാം ജീവനക്കാരും തൊഴിലാളികളും പങ്കാളികളായി.  വനം വകുപ്പ് സംഘം മൂന്ന് ടീമുകളായി തിരിഞ്ഞ് രാത്രികാല പട്രോളിംങ്ങും നടത്തും. തുരത്തല്‍ വ്യാഴാഴ്ച്ചയും തുടരും.