ആറളം ഫാമിൽ അധികൃതരുടെ അനാസ്ഥയ്ക്ക് ഒരു രക്തസാക്ഷി കൂടി; അനീഷ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയപ്പോൾ

ആറളം ഫാമിനോടും പുനരധിവാസ മേഖലയോടും സർക്കാരും വനം വകുപ്പും കാണിക്കുന്ന അവഗണനക്കും അനാസ്ഥക്കും ഒരു രക്തസാക്ഷി കൂടി

 

ഇരിട്ടി: ആറളം ഫാമിനോടും പുനരധിവാസ മേഖലയോടും സർക്കാരും വനം വകുപ്പും കാണിക്കുന്ന അവഗണനക്കും അനാസ്ഥക്കും ഒരു രക്തസാക്ഷി കൂടി . 2014ന് ശേഷം കാട്ടാനയുടെ അക്രമത്തിൽ പൊലിയുന്ന പതിനഞ്ചാമത് ജീവനാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ വീട്ടുമുറ്റത്തു വെച്ച് കാട്ടാന ചവിട്ടിക്കൊന്ന പത്താം ബ്ലോക്കിലെ നാൽപ്പതു കാരനായ അനീഷ്. വെളുപ്പിന് മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. 

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും തുടർന്ന് എത്തിയ വനപാലകരും ചേർന്ന് നെഞ്ചിനും വയറിനും കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : അമ്പിളി. മക്കൾ: ആദികൃഷ്ണ,അനുഷ. സംസ്കാരം പിന്നീട് നടക്കും. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് കർഷകരിലും മലയോരവാസികളിലും പ്രതിഷേധം ശക്തമാണ്. ആന മതിൽ മറികടന്ന് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.