എടക്കാനത്ത് വിദ്യാർത്ഥിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ
ഇരിട്ടി: എടക്കാനം സ്വദേശിയായ വിദ്യാർത്ഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കികൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രദേശവാസികളായ നാല് പ്രതികളെ കുടകിൽ നിന്നും ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കുടകിലെ മൂർനാട് നിന്നാണ് ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തത്. എടക്കാനം സ്വദേശികളായ കെ. ശരത് (30), കെ. അനീഷ് (37), എം. വിനീത് (31), ശിവാജി (41) എന്നിവരാണ് പിടിയിലായത്.
14ന് രാത്രി ഒൻപത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം അപകടത്തിൽപെട്ടെന്നും തള്ളിമാറ്റാൻ സഹായിക്കണമെന്നും പറഞ്ഞാണ് വിദ്യാർത്ഥിയെ വീട്ടിൽനിന്നും ഇവർ വിളിച്ചിറക്കി കൊണ്ടുപോയത്. പ്രതികൾ 300 മീറ്റർ അകലെ വെച്ച് ഹെൽമറ്റ് ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു.
അക്രമണത്തിൽ വിദ്യാർത്ഥിയുടെ കർണ്ണപടത്തിന് സാരമായി പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംഭവത്തിൽ വിദ്യാർഥിയുടെ പിതാവ് ഇരിട്ടി പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.അന്വേഷണത്തിൽ പ്രതികൾ കുടകിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂർനാട് നിന്നും നാലുപേരെയും പിടികൂടിയത്.
ഇരിട്ടി എസ് ഐമാരായ സി. സനീത്, ശ്രീനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങളായ ഷിജിത്, ജയദേവൻ, ജോമോൻ, നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരിട്ടി സ്റ്റേഷനിലെത്തിച്ച പ്രതികളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.