കടുത്ത സാമ്പത്തിക പ്രതിസന്ധി ...! ചിക്കന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

ഉയര്‍ന്ന വില വര്‍ധനവ് കാരണം ഉപഭോക്താക്കള്‍ പിന്നോട്ട് പോവുകയും കച്ചവടം കുറഞ്ഞതും വ്യാപാരികളെ കടക്കെണിയിലാക്കി.

 

കേരളാ ചിക്കന്‍ ധാരണാ ലംഘനം വ്യാപാരികളുടെ പ്രതിസന്ധിക്ക് കാരണമായി

കണ്ണൂര്‍: അനിയന്ത്രിതമായ വില വര്‍ധനവും സര്‍ക്കാറിന്റെ അവഗണനയും ചിക്കന്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയില്‍.പ്രക്ഷോഭമാരംഭിക്കുമെന്ന് ചിക്കന്‍ വ്യാപാരി സമിതി.ഉയര്‍ന്ന വില വര്‍ധനവ് കാരണം ഉപഭോക്താക്കള്‍ പിന്നോട്ട് പോവുകയും കച്ചവടം കുറഞ്ഞതും വ്യാപാരികളെ കടക്കെണിയിലാക്കി.ഇതിന് പുറമേ കേരളാ ചിക്കന്‍ ധാരണാ ലംഘനം വ്യാപാരികളുടെ പ്രതിസന്ധിക്ക് കാരണമായി.കേരളാ ചിക്കന്‍ വിലനിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണകള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്. 

പൊതുമാര്‍ക്കറ്റിലെ വിലയുമായി പരമാവധി അഞ്ച് രൂപയുടെ വ്യത്യാസം മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ധാരണ.എന്നാല്‍ പൊതുമാര്‍ക്കറ്റിനേക്കാള്‍ 30 രൂപയോളം കുറഞ്ഞ വിലയ്ക്കാണ് കേരള ചിക്കന്‍ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ചെറുകിട വ്യാപാരികള്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും   ചിക്കന്‍ വ്യാപാരി സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അരോപിച്ചു.ചിക്കന്‍ സ്റ്റാളുകള്‍ തമ്മില്‍ അഞ്ച് കീ.മീ. ദൂര പരിധി വേണമെന്ന നിലവിലെ നിബന്ധന മറികടന്ന് വെറും ഒരു കി.മീ ദൂരത്തില്‍ പുതിയ കട അനുവദിക്കുവാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും പറയുന്നു.

കേരള ചിക്കന്റെ വിലനിര്‍ണ്ണയത്തില്‍ നിവവിലുള്ള ധാരണ പാലിക്കുക, കടകള്‍ തമ്മിലുള്ള അഞ്ച് കി.മീ പരിധി കര്‍ശനമായി നിലനിര്‍ത്തുക ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ  ശക്തമായ സമരപരിപാടികള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന വൈ.പ്രസിഡന്റ് കെ.എം അക്ബര്‍,ജില്ലാ സെക്രട്ടറി ഷജില്‍ തലശ്ശേരി,വിമല്‍ കൃഷ്ണന്‍ പങ്കെടുത്തു.