കണ്ണൂരിൽ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനു നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണം; തളിപ്പറമ്പ കരിമ്പത്ത് വച്ചുണ്ടായ ആക്രമണത്തിൽ കാറിന് കേടുപാട്  

തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനത്തിനു നേരെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ വാഹനത്തിൻ്റെ ചില്ല് തകർത്തു. തളിപ്പറമ്പ് ബ്ലോക്ക് ഓഫിസിൽ സൂ സഫാരി പാർക്ക് അവലോകന യോഗത്തിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതിനിടയിൽ സർ സയ്യിദ് കോളജ് ജംഗ്ഷന് സമീപത്ത് വച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പതാകയുമായി ഓടിയെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് വാഹനത്തിൽ കൈ കൊണ്ട് ആഞ്ഞടിച്ചു

 

കണ്ണൂർ : തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനത്തിനു നേരെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ വാഹനത്തിൻ്റെ ചില്ല് തകർത്തു. തളിപ്പറമ്പ് ബ്ലോക്ക് ഓഫിസിൽ സൂ സഫാരി പാർക്ക് അവലോകന യോഗത്തിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതിനിടയിൽ സർ സയ്യിദ് കോളജ് ജംഗ്ഷന് സമീപത്ത് വച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പതാകയുമായി ഓടിയെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് വാഹനത്തിൽ കൈ കൊണ്ട് ആഞ്ഞടിച്ചു. അടിയിൽ മന്ത്രിയുടെ വാഹനത്തിൻ്റെ ചില്ല് തകർന്നു. 

 

ഡ്രൈവറുടെ ഭാഗത്തെ ഡോറിൻ്റെ വൈസർ ആണ് തകർന്നത്. ദേശീയ പതാക സ്ഥാപിച്ച ഫ്ലാഗ് പോൾ ഒടിഞ്ഞ നിലയിലാണ് ഉള്ളത്. ഡിവൈഎഫ്ഐ നേതാക്കളായ മുഹാസ്, പ്രജീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് എത്തിയവരെ ഡിവൈ.എസ്.പി സുമേഷിൻ്റെ നേതൃത്വത്തിൽ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. 

ആദ്യം അറസ്‌റ്റ് ചെയ്ത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയ മുഹാസിനെ വിടണമെന്നും സംഭവ സ്ഥലത്ത് പൊലിസ് വാഹനത്തിൽ കയറ്റിയ പ്രവർത്തകരെ ഇറക്കിവിടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്നതും വാക്കേറ്റമുണ്ടായതും സ്ഥലത്ത് ഏറെ നേരം സൃഷ്ടിച്ചു. ഇൻസ്പെക്ടർ ശ്രീഹരിയെ ഉൾപ്പെടെ പൊലിസുകാരെ കൈയ്യേറ്റം ചെയ്യുകയും പൊലീസ് വാഹനത്തിൻ്റെ താക്കോൽ കൈക്കലാക്കുക ചെയ്ത സ്ഥിതി വന്നതോടെയാണ് ഡിവൈ.എസ്.പി സുമേഷിൻ്റെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.