ദസറ ആഘോഷത്തിലൂടെ കണ്ണൂർ കേരളത്തിന് തന്നെ മാതൃകയായി മാറി : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

ദസറ കണ്ണൂരിൻ്റെ പൊതുവികാരമായി മാറിയിട്ടുണ്ടെന്നും. കണ്ണൂർ ദസറയുടെ ആഘോഷ രാവുകൾ വർഷം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കണമെന്നും നിയമ സഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

 


കണ്ണൂർ: ദസറ കണ്ണൂരിൻ്റെ പൊതുവികാരമായി മാറിയിട്ടുണ്ടെന്നും. കണ്ണൂർ ദസറയുടെ ആഘോഷ രാവുകൾ വർഷം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കണമെന്നും നിയമ സഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.കണ്ണൂർ ദസറയുടെ ഒമ്പതാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിന് തന്നെ നേതൃത്വം കൊടുക്കാൻ പറ്റുന്ന ജില്ലയും നഗരവുമാണ് കണ്ണൂർ . അതിന്റെ ആവേശം ദസറയിൽ കാണാൻ കഴിയുന്നു. ജനപ്രതിനിധികളിൽ നിന്ന് ജനങ്ങൾ നന്മയാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിൽ ജനങ്ങളുടെ മുഖമായി ഒരുമിച്ച് നിൽക്കാൻ കഴിയണം.അതാണ് കേരളത്തിൻറെ പൊതുസംസ്കാരം . 

ആ പൊതുസംസ്കാരത്തിന് ഒരിക്കലും മ്ലാനത ഉണ്ടാക്കാതെ കാത്തുസൂക്ഷിക്കുന്നതിനുള്ള നേതൃത്വം കൊടുക്കാൻ കണ്ണൂരിന് കഴിയും .നമ്മുടെ നാട്ടിൽ രാസലഹരിയുടെ ഉപയോഗം കൂടുകയാണെന്ന് കണക്കുകൾ പറയുന്നു. പുതു തലമുറയുടെ വളർച്ചയെയാണ് രാസ ലഹരി തകർക്കുന്നത്. പുതു തലമുറ ലഹരിയെ എതിർക്കണം. സർക്കാരിൻറെ ഓപ്പറേഷൻ തൂഫാനോട് നാടൊന്നാകെ ഐക്യദാർഢ്യപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുട്ടികളെയും യുവജനങ്ങളെയും ഒരുമിച്ചു കൊണ്ടുപ്പോകുന്നതിനുള്ള ചിന്ത നമുക്കുണ്ടാകണം എന്നും സ്പീക്കർ പറഞ്ഞു

  അഴീക്കോട് എം എൽ എ കെ വി സുമേഷ് , ഡി ഐ ജി കെ കാർത്തിക് ഐ പി എസ് , സിനിമാതാരം നിഖില വിമൽ എന്നിവർ വിശിഷ്ടാതിഥികളായി. ചടങ്ങിൽ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.നാരായണൻകുട്ടി വാര്യർക്ക് ആദരവ് സമർപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി മാധവൻ മാസ്റ്റർ, സഹദുള്ള കെ ടി ,എം പി മുഹമ്മദലി , ഫിഷ് മാർച്ച് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ എം എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേയർ അഡ്വ പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കൗൺസിലർമാരായ പി മഞ്ജുഷ, സുനില പി, സുനില ഇ, ടി പ്രശാന്ത്, എസ് ടി യു പ്രതിനിധി ഹാരിസ് ടി കെ തുടങ്ങിയവർ സന്നിഹിതരായി. കൗൺസിലർ സിസി ഗംഗാധരൻ ചടങ്ങിനു നന്ദി പറഞ്ഞു. തുടർന്ന് നിയോണ നിഖിൽ അവതരിപ്പിച്ച ഭരതനാട്യം, പള്ളിക്കുന്ന് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, ശാസ്താംകോട്ടം ശിവ ക്ഷേത്രം വനിതാവേദി അവതരിപ്പിച്ച തിരുവാതിര, സായം പ്രഭാ ഹോം അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ആരഭി കലാകേന്ദ്രം അവതരിപ്പിച്ച ഡാൻസ്, ചിലങ്ക മാതൃസമിതി അവതരിപ്പിച്ച കോൽക്കളി, കലാമണ്ഡലം വിമലാദേവി, ചലങ്കാ കലാകേന്ദ്രം അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ എന്നിവയ്ക്ക് ശേഷം ഗംഗ ശശിധരൻ അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ, അദീന ഫോക്ക് മെഗാ ഷോ എന്നിവ അരങ്ങേറി.