മണിക്കൂറുകൾ നീണ്ട പരിശ്രമം; കണ്ണൂരിൽ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി പിടിയിൽ
ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി പിടിയിൽ. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ശ്രീകണ്ഠാപുരം പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
കണ്ണൂർ: ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി പിടിയിൽ. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ശ്രീകണ്ഠാപുരം പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയിൽ വരമ്പ് മുറിയൻ ഷബീറിനെ (42)യാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി പ്രദീപൻ കണ്ണിപൊയിലിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ശ്രീകണ്ഠാപുരം എസ് ഐ എം.വി ഷീജുവും സംഘവും അറസ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചെർക്കളഭാഗത്ത് വച്ച് എംഡിഎംഎ പിടിയിലായ വെള്ളോറ കോയിപ്ര സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ കോറോക്കാരൻ സിറാജ് (30), കരിമ്പം സ്വദേശി പി ഉനൈസ് (34) എന്നിവരിൽ നിന്നാണ് ഷബീറിൽ എത്താനുള്ള നിർണ്ണായക വിവരം പോലിസിന് ലഭിച്ചത്. ഷബീറിൽ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്ന് ഇവർ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ നിർണ്ണായക നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്.
ഇയാളെ പിടികൂടാനായി പോലീസ് നടത്തിയ ഓപ്പറേഷൻ ബുധനാഴ്ച ഉച്ചക്ക് 2.30 ന് തുടങ്ങി രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. ഉച്ചയോടെ ഷബീറിന്റെ ശ്രീകണ്ഠാപുരത്തെ വീട്ടിലെത്തിയ പോലീസ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തുറക്കാൻ തയ്യാറായിരുന്നില്ല. ഏറെ സമയം കാത്തിരുന്ന പോലീസ് ഒടുവിൽ കൂറ്റൻ മതിൽ ചാടി കടന്നാണ് വീട്ടുമുറ്റത്തെത്തിയത്. ഇതോടെ ഷബീർ മുറിക്കകത്ത് കയറി വാതിലടച്ചു. തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തുറക്കാൻ തയ്യാറായില്ല..
തുടർന്ന് ചവിട്ടിപ്പൊളിക്കുമെന്ന് പോലീസ് പറഞ്ഞതോടെയാണ് വാതിൽ തുടക്കാൻ തയ്യാറായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 22 ഗ്രാം എം ഡി എം എയും ഇവ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന 3500 പാക്കറ്റുകളും പിടിച്ചെടുത്തു. ലഹരിമരുന്നുകൾ കത്തിച്ചു ഉപയോഗിക്കുന്നതിനുള്ള ബർണറും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം പോലീസ് മഹസർ തയ്യാറാക്കുന്നതിനിടെ ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ട ഷബീർ ഒപ്പമുണ്ടായിരുന്ന ഡാൻസാഫുകാരനെ തള്ളിയിട്ട് കൂറ്റൻ മതിൽ ചാടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. വീഴ്ചയിൽ തുടയെല്ലിന് സാരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പിടിയിലായ ഷബീർ 2018ൽ പറശ്ശിനിക്കടവ് ലോഡ്ജിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയാണ്. കുറച്ചുകാലം എറണാകുളം കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. തൃക്കാക്കരയിൽ വെച്ച് 12 ഗ്രാം എംഡി എം എ സഹിതം ഇയാൾ നേരത്തെ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം അടുക്കത്തെ വീട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയായിരുന്നു.
2023 ജൂലായ് 23ന് ഇയാളുടെ സംഘത്തിൽ പെട്ട അടൂക്കത്തെ സജു(44), ചേരാൻകുന്നിലെ മുഹമ്മദ് ഷഹൽ (24) എന്നിവരെ 14.06 എംഡി എം എ സഹിതം അന്നത്തെ ശ്രീകണ്ഠാപുരം സി ഐ രാജേഷ് മാരാംഗലം അറസ്റ് ചെയ്തിരുന്നു. ഈ വര്ഷം ആദ്യം ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാൾ റോഡിൽ വച്ച് പോലീസ് വാഹനത്തിൽ ബൈക്ക് ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേർ ഇയാളുടെ റാക്കറ്റിൽ പെട്ടവരാണ്.
കണിയാർ വയൽ, ചെങ്ങളായി സ്വദേശികളായ അന്നത്തെ എസ് ഐ അറസ്റ്റ് ചെയ്തിരുന്നു. ചെങ്ങളായിൽ വച്ച് എം ഡി എം എ സഹിതം പിടിയിലായ വിരാജ് പെട്ട സ്വദേശി ഷാനുവും ഷബീറിന്റെ സംഘമാണ്.
എ എസ് ഐ മാരായ സുരേഷ്, അലി അക്ബർ, സീനിയർ സി പി ഓ മധു എന്നിവർ ഉൾപ്പെടെ എട്ടംഗ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
അതേസമയം പരിയാരത്ത് ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് . വിവരമറിഞ്ഞ് തറവാട്ടു വീട്ടിൽ നിന്നെത്തിയ ഷബീറിന്റെ ഉമ്മ ആയിഷ (55) പോലീസുകാരെ തടയാൻ ശ്രമിച്ചിരുന്നു ഇതേത്തുടർന്ന് ഇവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.