ഡോക്ടർ ശാന്ത മാധവന് കണ്ണൂരിൻ്റെ യാത്രാമൊഴി ; വിട പറഞ്ഞത് ജനകീയ ഡോക്ടർ

ഡോക്ടര്‍ശാന്തമാധവന്‍ വിടപറയുമ്പോള്‍ മായുന്നത്കണ്ണൂരിന്റെ ആരോഗ്യരംഗത്ത്‌സുവര്‍ണലിപികളില്‍ എഴുതിയ ഒരു ചരിത്രം കൂടിയാണ്.

 

കണ്ണൂര്‍ : ഡോക്ടര്‍ശാന്തമാധവന്‍ വിടപറയുമ്പോള്‍ മായുന്നത്കണ്ണൂരിന്റെ ആരോഗ്യരംഗത്ത്‌സുവര്‍ണലിപികളില്‍ എഴുതിയ ഒരു ചരിത്രം കൂടിയാണ്.

ആരോഗ്യമേഖലവന്‍സാമ്പത്തിക കച്ചവടങ്ങള്‍ക്ക് വഴിമാറിയ കാലഘട്ടത്തില്‍ ശാന്തമാധവനെപ്പോലെയുളള ഒരു ഗൈനക്കോളജിസ്റ്റിന്റെ ജീവിതം വഴികാട്ടി കൂടിയാണ്. അമ്മയ്ക്കും കുഞ്ഞിനുമിടെയില്‍ കൈപ്പിഴ പറ്റാത്ത നാലുപതിറ്റാണ്ടു നീളുന്ന ശ്രുശ്രൂഷയുടെ  പൊക്കിള്‍ കൊടി ബന്ധമായിരുന്നു ശാന്താമാധവനെന്ന ഗൈനക്കോളജിസ്റ്റിനുണ്ടായിരുന്നത്.

അത്രമാത്രം വിശ്വാസമായിരുന്നു അവരെ തേടിയെത്തുന്നവര്‍ക്ക്. ആരോഗ്യമേഖലയില്‍ അപൂര്‍വ്വം മാത്രം കണ്ടുവരുന്ന ഒരുകരുത്തയായ ഡോക്ടറുടെ പരിചരണത്തില്‍ കണ്ണൂരില്‍ മാത്രം പിറന്നുവളര്‍ന്നവര്‍ അരലക്ഷത്തോളം വരും.കണ്ണൂര്‍ സിറ്റി കുറുവയിലെ ജാനകയില്‍ നിന്നും തുടങ്ങി തായത്തെരുവിലെ ഷംസാദവരെ നീളുന്നതാണ് ഡോ.ശാന്തയും  അമ്മമാരും തമ്മിലുളള ബന്ധം.

 സ്വന്തം സ്ഥാപനമായ ജെ.ജെ. എസ് ഹോസ്്പിറ്റലിനോടു ചേര്‍ന്നുളള വീട്ടിലായിരുന്നു അന്ത്യനാളുകളില്‍താമസിച്ചിരുന്നത്.  പോറ്റിച്ചികള്‍ വീടുകളില്‍ പ്രസവം നടത്തിവരുന്ന കാലത്താണ് ഡോ. ശാന്താമാധവന്‍ കണ്ണൂരിലെത്തുന്നത്. രക്തസ്രാവത്താല്‍ അന്ന് അമ്മയും കുഞ്ഞും മരിക്കുന്നത് സാധാരണ സംഭവമായിരുന്നു.

അന്നൊന്നും ഡോക്ടര്‍മാര്‍ക്ക് കൃത്യമായ ഫീസുണ്ടായിരുന്നില്ല. കനപ്പെട്ടഫീസിനു വേണ്ടിയുളള വിലപേശലുമുണ്ടായിരുന്നില്ല. രോഗങ്ങള്‍ക്കും രോഗികള്‍ക്കും ഇടയിലെ സേവനം മാത്രമായിരുന്നു മുഖ്യം. ആനന്മകണ്ണിയുടെ ആദ്യതലമുറയില്‍പ്പെട്ട ഒരാളായിരുന്നു ശാന്തയും.

 കണ്ണൂര്‍ താവക്കരയിലെ ഡോ.ടി.കുമാരന്റെയും കൃഷ്ണമ്മയുടെയും മകളായ ഡോ.ശാന്തയും തലശേരിയിലെ ഡോക്ടര്‍ പി.ശേഖരന്റെയും ശാ രദയുടെയും മകനായ ഡോ.മാധവനും 1955ലാണ് വിവാഹിതരായത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും  എം.ബി. ബി. എസ് നേടിയശേഷം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡി.ജി.ഒ പൂര്‍ത്തിയാക്കിയത്.  

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജ്,മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നായിരുന്നുപഠനംപൂര്‍ത്തീകരിച്ചത്. 1975-ല്‍  കണ്ണൂരില്‍ ജെ.ജെ. ആശുപത്രി തുടങ്ങിയതോടെ രണ്ടുപേരുടെും സേവനം അവിടുത്തേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ ചികിത്‌സ തുടരാനാവാതെ വന്നതോടെ ആശുപത്രിയുടെ നടത്തിപ്പ് കൈമാറുകയായിരുന്നു.
 കണ്ണൂരിന്റെ പുറത്തു നിന്നു പോലും ഗര്‍ഭിണികള്‍ ഡോ.ശാന്തയെ തേടിവരുമായിരുന്നു.

അത്രമാത്രം വിശ്വാസമായിരുന്നു അവരെ ജനങ്ങള്‍ക്ക്. അന്‍പതു വര്‍ഷത്തോളം ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ച ജനകീയ ഡോക്ടറെന്ന ഖ്യാതിയുമായാണ് ശാന്തമാധവന്‍ വിടവാങ്ങുന്നത്.തെക്കിബസാറിലെ ജെ.ജെ. ആശുപത്രി ഉടമയായ അവര്‍ ഏറെക്കാലം അവിടെ നിത്യസാന്നിധ്യമായിരുന്നു. നവനീതം ഓഡിറ്റോറിയത്തിന് സമീപത്തെ ശാരദകഌനിക്കിലും ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു.ആര്‍മിയില്‍ ഡോക്ടറായിരുന്ന ഭര്‍ത്താവ് പി.മാധവന്‍സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് തെക്കിബസാറില്‍ ജെ.ജെ ആശുപത്രി തുടങ്ങിയത്.

1960-കളില്‍ ഇരുവരും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും സേവനമനുഠിച്ചു.സൗമ്യമായ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെ ഡോ.ശാന്ത മാധവന്‍ തന്നെ തേടിയെത്തുന്നവരുടെ മനസിലെ ആശങ്കയുടെ കാര്‍മേഘമകറ്റി പ്രതീക്ഷയേകിയിരുന്നു. വാര്‍ധക്യസഹജമായ അവശതകളാല്‍ 1993- ല്‍ ഇരുവരും പരിശാധന നിര്‍ത്തി. 2016-ല്‍ ഡോക്ടര്‍ മാധവന്റെ മരണശേഷം തെക്കിബസാറിലെ ആദിശങ്കറെന്ന വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു ഡോക്ടർ ശാന്ത.

രണ്ടുവര്‍ഷം മുന്‍പുണ്ടായ വീഴ്ചയില്‍ കാലിന് പരുക്കേറ്റു ശസ്ത്ര ക്രിയക്കു ശേഷം വീല്‍ ചെയറിലായതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞായറാഴ്ച്ച ഉച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഐ. എം. എയുടെ നേതൃത്വത്തില്‍ ഡോ.ശാന്തമാധവനെ വീട്ടിലെത്തി ആദരിച്ചിരുന്നു.ഡോക്്ടര്‍ ശാന്തമാധവന്റെ വിയോഗത്തോടെ കണ്ണൂരിന് നഷ്ടമായത് ആദ്യകാല ഗൈനക്കോളജിസ്റ്റായ ഡോക്ടറമ്മയെയാണ്. ബുധനാഴ്ച്ച രാവിലെ ഡോക്ടർ ശാന്ത മാധവന് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ തെക്കി ബസാറിലെ വീട്ടിലെത്തി. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പയ്യാമ്പലം പൊതു ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.