'വന്ദേമാതരം' ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്തിന് ലോക റെക്കോർഡ്

ഏറ്റവും കൂടുതൽ നഗരങ്ങളിൽ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനമായ 'വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം' ൻ്റെ സംവിധായകനായ
ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്. വേൾഡ് റെക്കോർഡ് യൂണിയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
 

കണ്ണൂർ: ഏറ്റവും കൂടുതൽ നഗരങ്ങളിൽ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനമായ 'വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം' ൻ്റെ സംവിധായകനായ
ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്. വേൾഡ് റെക്കോർഡ് യൂണിയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച്ച കണ്ണൂർ ഡിഫൻസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാർ ചീഫ് സെക്രട്ടറി ഡോ: വി വേണു ഗാനം പ്രകാശനം ചെയ്തു. 

ദേശഭക്തിഗാനത്തിൻ്റെ സംഗീത സംവിധാനവും സംവിധാനവും നിർവഹിച്ചത് ഡോ: രഞ്ജിത്താണ്. ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനമായാണ് ലോക  റെക്കോർഡ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും 33 നഗരങ്ങളും ഉൾപ്പെടുന്ന 40 ലൊക്കേഷനുകളിലാണ് വന്ദേമാതരം ഗാനം ചിത്രീകരിച്ചത്.  കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഗാനത്തിന് ആറു മിനിറ്റ് ദൈർഘ്യമാണുള്ളത്.

ഡൽഹി,ആഗ്ര, അമൃത് സർ ,കുളു മനാലി , ലഡാക്ക് ,കേദാർനാഥ് ,ശ്രീനഗർ , കേരൻ, മുംബൈ, ബാംഗ്ലൂർ , മൈസൂർ, ഹംപി , ഹൈദരബാദ്,  ഗ്വാഹട്ടി,മേഘാലയ, ഒറീസ, ജയ്പൂർ , അജ്മീർ , കൊൽക്കൊത്ത, വാരണാസി , ബറോഡ, ലക്നൗ , കന്യാകുമാരി , ധനുഷ്കോടി , മധുര തുടങ്ങി കേരളത്തിൽ വാഗമൺ , തിരുവനന്തപുരം, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് ഗാന രംഗങ്ങളിൽ ചിത്രീകരിച്ചത്. ലോക റെക്കോർഡിൻറെ മെഡലും സർട്ടിഫിക്കറ്റും ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ വി വേണു ഡോ: സി വി രഞ്ജിത്തിന് കൈമാറി. 

ഡി എസ് സി കമാൻഡൻ്റ് പരംവീർ സിംഗ് നാഗ്ര, ക്യാപ്റ്റൻ സുശീൽ കുമാർ (നേവൽ അക്കാദമി), വേൾഡ് റെക്കോർഡ് യൂണിയൻ ഒഫീഷ്യൽ അജൂഡിക്കേറ്റർ ഷാഹുൽ ഹമീദ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡണ്ട് ഡോ: രവീന്ദ്രനാഥ്, മുൻ മിസ്റ്റർ പഞ്ചാബ് സർകർതാർ സിംഗ് ,  സാമൂഹിക സാംസ്കാരിക മേഖലയിലെ പൗരപ്രമുഖർ തുടങ്ങിയവരും    ചടങ്ങിൽ പങ്കെടുത്തു.

വൈവിധ്യങ്ങളിലെ ഏകത്വം എന്ന ആശയവും ഇന്ത്യ എന്ന വികാരവും ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇത്തരമൊരു ഗാനം ഒരുക്കാനുള്ള പ്രചോദനം എന്ന് ഡോ സി വി രഞ്ജിത്ത് പറഞ്ഞു. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ആണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്. മുംബൈയിലെ ഗായകനായ അസ്‌ലം കേ യിയാണ് ആലാപനം. ശബ്ദ മിശ്രണം അശ്വിൻ ശിവദാസ്.   സനിൽ കൂത്തുപറമ്പ് , പി വി രഞ്ജിത്ത് ,ഡോ സി വി രഞ്ജിത്ത് എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിംഗ് : ദീപ്തി ,നിവേദ്. വി എഫെക്സ് : അഭി, ജൂഹി. 

മുൻ മിസ്റ്റർ പഞ്ചാബ് സത്കർതാർ സിംഗ് ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട് . സൂപ്പർസ്റ്റാർ സിംഗർ വിജയി ആവിർ ഭവ് ഗാനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ടൂറിസത്തിനായി ഡോ. സി വി രഞ്ജിത്ത് ഒരുക്കിയ ' ദ സോംഗ് ഓഫ് കണ്ണൂർ : ഹെവൻ ഓഫ് ടൂറിസം എന്ന ഗാനത്തിന് ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്കാരവും ഡോ സി വി രഞ്ജിത്ത് നേടിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ച് 20 ഇന്ത്യൻ ഭാഷകളിൽ പാട്ട് ഒരുക്കിയതും ഡോ. സി വി രഞ്ജിത്താണ്.