തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ താറുമാറാക്കുന്നു: മേയർ 

അർഹതപ്പെട്ട പദ്ധതി വിഹിതം അനുവദിക്കാതെ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ വഴി മുട്ടിക്കുകയാണെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു. കൃത്യമായി പഠനം നടത്താതെ സർക്കാർ തോന്നും പടി ഫീസുകൾ വർധിപ്പിക്കുകയാണ്. ഇപ്രകാരം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയത് കൂടി  ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.

 

  കണ്ണൂർ: അർഹതപ്പെട്ട പദ്ധതി വിഹിതം അനുവദിക്കാതെ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ വഴി മുട്ടിക്കുകയാണെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു. കൃത്യമായി പഠനം നടത്താതെ സർക്കാർ തോന്നും പടി ഫീസുകൾ വർധിപ്പിക്കുകയാണ്. ഇപ്രകാരം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയത് കൂടി  ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. പിന്നീട് തോന്നും പടി ഇപ്രകാരമുള്ള ഉത്തരവുകൾ ഭേദഗതി ചെയ്യുമ്പോൾ പദ്ധതി ആസൂത്രണങ്ങളും താളം തെറ്റുന്നു. പദ്ധതി വിഹിതം അനുവദിക്കാത്തതിനാൽ നിലവിൽ മുപ്പത്തി ഒന്ന് കോടിയോളം രൂപ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കേണ്ടി വന്നു. സർക്കാറിന്റെ ഇത്തരം നടപടികൾ തദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്. ജീവനക്കാരുടെ ഡി.എയുൾപ്പെടെയുള്ള അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടിരിക്കുന്നു.

അതേ സമയം ജനങ്ങളിൽ നിന്നുള്ള നികുതിപണം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സർക്കാർ ആഡംബരത്തിലും ധൂർത്തിലും മുങ്ങിയിരിക്കുകയാണ്. കൊട്ടിഘോഷിച്ച കിഫ്ബിയുടെ പ്രവൃത്തികൾ പോലും സ്തംഭിച്ച അവസ്ഥയിലാണ്. തദ്ദേശസ്ഥാപനങ്ങൾ സർക്കാറിനെതിരെ മുന്നിട്ടിറങ്ങി പ്രത്യക്ഷ സമരം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും  മേയർ പറഞ്ഞു.കണ്ണൂർ ഐ എം എ ഹാളിൽ വെച്ച് നടന്ന  കെ എൽ ജി എസ് എ യുടെ കണ്ണൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.യൂണിറ്റ് പ്രസിഡണ്ട്  കെ. വേലായുധൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി പ്രീതി ജ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര മുഖ്യ പ്രഭാഷണം നടത്തി. യാത്രയയപ്പ് സെഷൻ ഉദ്ഘാടനം മുൻ മേയർ അഡ്വ.ടി.ഒ മോഹനനും പ്രതിനിധി സമ്മേളനം ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എ ജയകുമാറും നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, ഷമീമ ടീച്ചർ, വി.കെ ശ്രീലത, സിയാദ് തങ്ങൾ എന്നിവർ സംസാരിച്ചു.