സംവിധായകൻ രാജൻ ബി തളിപ്പറമ്പിന്റെ പുതിയ ഹ്രസ്വ ചിത്രം 'ഓണം ഒരോർമ്മ' 23ന് യൂട്യൂബിൽ റിലീസ്
മൂന്ന് വർഷം മുൻപ് മനസ്സിൽ കുറിച്ചിട്ട കഥ ഓണക്കാലത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ രാജൻ ബി തളിപ്പറമ്പ്. പുതിയ ഹ്രസ്വചിത്രമായ 'ഓണം ഒരോർമ്മ'യുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അണിയറ പ്രവർത്തകരുടെ ഒപ്പം അദ്ദേഹം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. മൂന്ന് വർഷം മുൻപ് അഞ്ച് കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തി എഴുതിയ കഥയായിരുന്നു ഇത്.
തളിപ്പറമ്പ്: മൂന്ന് വർഷം മുൻപ് മനസ്സിൽ കുറിച്ചിട്ട കഥ ഓണക്കാലത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ രാജൻ ബി തളിപ്പറമ്പ്. പുതിയ ഹ്രസ്വചിത്രമായ 'ഓണം ഒരോർമ്മ'യുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അണിയറ പ്രവർത്തകരുടെ ഒപ്പം അദ്ദേഹം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. മൂന്ന് വർഷം മുൻപ് അഞ്ച് കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തി എഴുതിയ കഥയായിരുന്നു ഇത്. എന്നാൽ ഈ അടുത്ത് പ്രശസ്ത നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവ് എ.പി. പ്രകാശന്റെ 'ഓണവും ഓർമ്മകളും' എന്ന കവിതാസമാഹാരം വായിച്ചതാണ് ചിത്രത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കാൻ കാരണമായത്. കവിതയുടെ പേര് തന്റെ പഴയ കഥയെ ഓർമ്മിപ്പിക്കുകയും തുടർന്ന് ശ്രീലതയുമായി ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു.
അവരുടെ ക്ഷണപ്രകാരം വീട്ടിലെത്തി കഥ വായിച്ചു കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ, പേപ്പർ നോക്കാതെ നേരിട്ട് പറയാനായിരുന്നു ശ്രീലതയുടെ നിർദ്ദേശം. കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഉയർന്ന നിശബ്ദത നൽകിയ ആശങ്കയ്ക്ക് വിരാമമിട്ട്, "നമുക്ക് ഈ വർക്ക് ചെയ്യാം" എന്ന് അവർ സമ്മതിക്കുകയായിരുന്നുവെന്ന് രാജൻ ബി തളിപ്പറമ്പ് ഓർത്തെടുത്തു.തുടർന്ന് കഥയിൽ മാറ്റങ്ങൾ വരുത്തി എട്ടോളം പുതിയ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം പൂർത്തിയാക്കിയത്. രാമചന്ദ്രൻ നമ്പൂതിരി ചെന്നൈ നിർമ്മിക്കുന്ന ചിത്രത്തിൽ കണ്ണൂർ ശ്രീലത, ശ്രീലക്ഷ്മി കണ്ണൂർ, രാമചന്ദ്രൻ നമ്പൂതിരി ചെന്നൈ, ബിജു കൂടോൽ, ദാമോദരൻ മോനാച്ച, സുധാകരൻ ചേടിച്ചേരി, സജീവൻ പാറക്കണ്ടി, ഗോപി കോളിയാട്ട്, ഗോവിന്ദൻ കരയപ്പാത്ത്, രതീഷ് കടമേരി തുടങ്ങിയവരും മറ്റ് നിരവധി കലാകാരന്മാരും വേഷമിടുന്നു.
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് രാജൻ ബി തളിപ്പറമ്പാണ്. ഇതുവരെ മുപ്പതോളം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ 'കാഞ്ചി', 'ആ കണ്ടന്റ് എന്റേതാണ്' എന്നീ ചിത്രങ്ങൾക്ക് മുൻപ് കണ്ണൂർ ഫിലിം ചേംബർ അവാർഡും എക്സലന്റ് അവാർഡും ലഭിച്ചിട്ടുണ്ട്. വരുന്ന ഓണത്തിന് 'ഓണം ഒരോർമ്മ' പ്രേക്ഷകരിലേക്ക് എത്തും.