ഡിജിറ്റൽ സർവേ നടത്തിയതിലെ അപാകതകൾ പരിഹരിക്കണം: കണ്ണൂർ കോർപറേഷൻമേയർ റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി 

കണ്ണൂർ കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെയും സ്ഥലങ്ങൾ ഡിജിറ്റൽ സർവ്വെ നടത്തിയതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന് നിവേദനം നൽകി.

 

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെയും സ്ഥലങ്ങൾ ഡിജിറ്റൽ സർവ്വെ നടത്തിയതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന് നിവേദനം നൽകി.ഡിജിറ്റൽ സർവ്വേയിലെ അപാകതകൾകാരണം എൻറെ ഭൂമി എന്ന പോർട്ടലിൽ  കോർപ്പറേഷൻ സെക്രട്ടറിയുടെ പേരിലല്ലാതെ സ്വകാര്യ വ്യക്തികളുടെ പേരിൽ രേഖപ്പെടുത്തി സർവ്വേ വിഭാഗം രജിസ്റ്റർ ചെയ്ത് വരികയാണ്.

2000-ലെ ട്രാൻസ്ഫർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുള്ള വിവിധ ഡിപ്പാർട്ട്മെൻറുകളുടെ കീഴിലുള്ള സ്ഥലങ്ങൾ, മൃഗാശുപത്രികൾ, സർക്കാർ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയ്ക്ക് ആധാരങ്ങളോ മറ്റ് രേഖകളോ കോർപ്പറേഷന് ലഭ്യമല്ല. ഈ സ്ഥലങ്ങളിൽ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ പദ്ധതികൾ പ്രകാരം കെട്ടിടനിർമ്മാണപ്രവൃത്തികൾ നടത്തുമ്പോഴും, പുതിയ രീതിയിലുള്ള ടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നടപടി സ്വീകരിക്കുമ്പോഴും  എൻറെ ഭൂമി പോർട്ടലിൽ പ്രസ്‌തുത സ്ഥലങ്ങൾ സ്വകാര്യവ്യക്തികളുടെ പേരിൽ തെറ്റായി രേഖപ്പെടുത്തിയത് കാരണം ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ അധികാരികളെ ബന്ധപ്പെട്ടപ്പോൾ കോർപ്പറേഷന് അനുകൂലമായ നിലപാട് എടുക്കാതെ പഴയ ആധാരങ്ങളും അനുബന്ധ രേഖകളും സ്കെച്ചും ഹാജരാക്കിയാൽ മാത്രമേ രജിസ്ട്രേഷൻ നടത്തുകയുള്ളൂ അല്ലെങ്കിൽ പേര് മാറ്റുകയുള്ളൂ എന്ന രീതിയിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് മേയർ നിവേദനത്തിൽ പറഞ്ഞു. 

ഉദാഹരണമായി നിലവിൽ കണ്ണൂർ കോർപ്പറേഷൻ പുഴാതി പി എച്ച് സി ക്ക് അത്താഴക്കുന്ന് എന്ന സ്ഥലത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് മുഖേന ലഭ്യമായ 55 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിനുള്ള ഭൂമി ഈ രീതിയിൽ തെറ്റായി സ്വകാര്യവ്യക്തിയുടെ സ്ഥലമാക്കി കാണിക്കുകയും തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും ഇതുപരിഹരിച്ച് ഈ സ്ഥലം കോർപ്പറേഷന് തിരികെ അനുവദിച്ചിട്ടില്ലാത്തതിനാൽ 55 ലക്ഷം നഷ്ടമാകുമെന്ന് മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ ഗസറ്റ് വിജ്ഞാപനം പ്രകാരം സർവ്വേ നമ്പറുകളിൽ ഇൻഡിവിജ്വൽ ആയിട്ടുള്ള സ്ഥലങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളും ഉടമയുടെ പേരും സ്ഥലവും അന്തിമ നോട്ടിഫിക്കേഷൻ മുഖേന എൻട്രി ചെയ്താൽ മാത്രമേ ഇതിൻറെ നിയമപരമായ വാലിഡിറ്റി നിലനിൽക്കുകയുള്ളൂ. 

നിലവിലെ ക്രെഡൻഷ്യൽസ് അനുസരിച്ച് വില്ലേജ് റെക്കോർഡുകളിലും സർവ്വേ നമ്പറുകളുടെ മുൻ ആധാരങ്ങളും വഴികളും അനുസരിച്ചുള്ള സംവിധാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലുള്ള ഇൻസ്റ്റിറ്റ്യൂഷനുകൾ കൂടി വെച്ചു കഴിഞ്ഞാൽ നിയമപരമായി വളരെയധികം തടസ്സവാദങ്ങൾ ഉന്നയിക്കുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. ഇതു കൂടാതെ കേരള മുൻസിപ്പാലിറ്റീസ് ആക്ട് 219 പ്രകാരം പുഴകളും തോടുകളും കുളങ്ങളും നീർച്ചാലുകളും ഡ്രൈനേജുകളും മറ്റും സ്വമേധയാ കോർപ്പറേഷന് വിട്ടുനൽകി സർക്കാർ ഉത്തരവിറക്കിയിട്ടുള്ളതാണ്. ഈ ഉത്തരവിന് വിരുദ്ധമായിട്ട് ആസ്തി എന്ന രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേരിൽ ഉള്ളത് രേഖപ്പെടുത്താതെ പോകുന്നതും വളരെയധികം ഗുരുതരമായി ബാധിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ലഭ്യമാകണമെങ്കിൽ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതും നമ്മുടെ പേരിൽ ഉള്ളതുമായ സ്ഥലങ്ങൾക്ക് മാത്രമേ ഫണ്ട് ലഭ്യമാവുകയുള്ളൂ. റവന്യൂ ഡിപ്പാർട്ട്മെൻറിൻറെ ഈ രീതിയിലുള്ള തെറ്റായ നടപടി മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം വരുന്നു.  

അത്പോലെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ അളവ് കുറച്ചും ഉടമസ്ഥത തെറ്റായി കൈമാറിയും സർവ്വെ ചെയ്തത് കാരണം ജനങ്ങൾക്ക് കെട്ടിടനിർമ്മാണ പെർമ്മിറ്റിന് അപേക്ഷിക്കാനാവാത്ത സാഹചര്യവുമുണ്ട്. ഇതുകാരണം ജനങ്ങൾ കൂട്ടമായി കോർപറേഷൻ ഓഫീസിലെത്തി പരാതിപ്പെടുകയാണ്. ഈ വിഷയത്തിൽ ശാസ്ത്രീയമായ രീതിയിൽ ഒരു പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സംയുക്തമായി ഒരു മീറ്റിംഗ് സ്റ്റേറ്റ് ലെവലിൽ നടത്തണമെന്നും അതുമുഖാന്തിരം ഇതിനൊരു ഗൈഡ്ലൈൻസ് റവന്യൂ ഡിപ്പാർട്ട്മെൻറിന് പ്രത്യേകമായി കൈമാറണമെന്നും സർവ്വെ നടപടികളിലെ അപാകതകൾ പൂർണ്ണമായി പരിഹരിക്കണമെന്നും  മേയർ അഡ്വ പി ഇന്ദിര   നിവേദനത്തിൽ ചൂണ്ടിക്കാട്ടി.