ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനി ദേവികയുടെ ചിതാഭസ്മം നാളെ പടിയൂരിലെ വീട്ടിലെത്തിക്കും
ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനി വി. ദേവികയുടെ (22) ചിതാഭസ്മം ഒക്ടോബർ 14 ന് പുലർച്ചെ 2.30 ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും
ഇരിക്കൂർ :ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനി വി. ദേവികയുടെ (22) ചിതാഭസ്മം ഒക്ടോബർ 14 ന് പുലർച്ചെ 2.30 ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി ദേവികയുടെ ജന്മനാടായ ഇരിക്കൂർ പടിയൂരിലെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30ഓടെ ചിതാഭസ്മം പടിയൂരിലെ വീട്ടിലെത്തിക്കും.
മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും തുടർനടപടികളുടെ ഏകോപനത്തിനും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് നേതൃത്വം നൽകി.
ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫും ഇതിനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കി. ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക, ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെ ത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.