ദേശാഭിമാനി സാഹിത്യ പുരസ്‌കാരം മൂന്ന് എഴുത്തുകാർക്ക് കണ്ണൂരിൽ എം. എ ബേബി സമ്മാനിച്ചു
മലയാളത്തിന്റെ നവീനതയെ അടയാളപ്പെടുത്തിയ പ്രിയ എഴുത്തുകാർക്ക് ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിയലൂടെ ആദരം. ‘മരണവംശം’ നോവലിന്റെ രചയിതാവ് പി വി ഷാജികുമാർ
കണ്ണൂർ :മലയാളത്തിന്റെ നവീനതയെ അടയാളപ്പെടുത്തിയ പ്രിയ എഴുത്തുകാർക്ക് ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിയലൂടെ ആദരം. ‘മരണവംശം’ നോവലിന്റെ രചയിതാവ് പി വി ഷാജികുമാർ, ‘തകർന്ന പള്ളിയാണ് വലിയ പള്ളി’യുടെ എന്ന കവിതയെഴുതിയ പി എൻ ഗോപീകൃഷ്‌ണൻ, ‘ഒരുപിടി ഉപ്പ്’ എന്ന കഥയെഴുതിയ എൻ പ്രഭാകരൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം കണ്ണൂർ നോർത്ത് മലബാർ ചേംബർഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി എം ബേബിയാണ് സമ്മാനിച്ചത്. മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പത്മനാഭൻ ഉൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര സമർപ്പണം.
ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. റസിഡന്റ് എഡിറ്റർ എം സ്വരാജ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. കവയത്രി ഷീജ വക്കം സംസാരിച്ചു. പി വി ഷാജികുമാർ, പി എൻ ഗോപികൃഷ്‌ണൻ, എൻ പ്രഭാകരനുവേണ്ടി അവാർഡ് ഏറ്റുവാങ്ങിയ മകൻ സുചേത് എന്നിവർ മറുപടി പ്രസംഗം നടത്തി.ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ, ടി വി രാജേഷ്, കെ വി സുമേഷ് എംഎൽഎ, ദേശാഭിമാനി ന്യൂസ് എഡിറ്റർ പി വി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ കെ കെ രാഗേഷ് സ്വാഗതവും ദേശാഭിമാനി യൂണിറ്റ് മാനേജർ സജീവ് കൃഷ്‌ണൻ നന്ദിയും പറഞ്ഞു. ജയ് ബാൻഡിന്റെ സംഗീതപരിപാടിയുമുണ്ടായി.