കണ്ണൂരിന്റെ ടൂറിസം സാധ്യതകൾക്ക് ദസറ ആഘോഷങ്ങൾ കരുത്ത് പകരും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
പ്രകൃതി കനിഞ്ഞേകിയ കടലോരവും മലയോരവും വേണ്ടുവോളമുള്ള കണ്ണൂരിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ കരുത്തേകാൻ കണ്ണൂർ ദസറ വഴിയൊരുക്കുമെന്ന് വ്യവസായ- ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂർ: പ്രകൃതി കനിഞ്ഞേകിയ കടലോരവും മലയോരവും വേണ്ടുവോളമുള്ള കണ്ണൂരിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ കരുത്തേകാൻ കണ്ണൂർ ദസറ വഴിയൊരുക്കുമെന്ന് വ്യവസായ- ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 10 ദിവസം നീണ്ട കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിന്റെ പുരോഗതിയുടെ പാതയിൽ മികച്ച അവസരമാണ് ദസറ തുറന്നിടുന്നത്. കണ്ണൂരിന്റെ ടൂറിസം, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. നന്മയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി നടക്കുന്ന ദസറ ആഘോഷങ്ങൾ നാടിന്റെ സൗഹാർദ്ദത്തിന് ശക്തി പകരുന്നത് കൂടിയാണെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മേയർ പി ഇന്ദിര, ഡോ. വി ശിവദാസൻ എംപി, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, പി ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, സോനാ ജയറാം, മറ്റു ജനപ്രതിനിധികൾ, അബ്ദുൽ കരീം ചേലേരി, വിനോദ് കുമാർ, ഡോ. എൻ കെ സൂരജ്, കെ ആർ തൻസീർ, ബി ആർ പി ഉണ്ണിത്താൻ, മുഹമ്മദ് ഷഹസുർ സി കെ, രാജീവൻ എളയാവൂർ, കെ സി രാജൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.