സി.പി.എം കണ്ണൂർ ഏരിയാ സമ്മേളനത്തിൽ ഇ.പിക്കും ദിവ്യയ്ക്കുമെതിരെ വിമർശനം

സി.പി.എം കണ്ണൂർ ഏരിയാ സമ്മേളനത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ്ക്കെതിരെ വിമർശനം. കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പി.പി ദിവ്യ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് വിമർശനം.

 

കണ്ണൂർ: സി.പി.എം കണ്ണൂർ ഏരിയാ സമ്മേളനത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ്ക്കെതിരെ വിമർശനം. കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പി.പി ദിവ്യ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് വിമർശനം. കമ്യൂണിസ്റ്റുകാരിക്ക് ചേരാത്ത രീതിയിലുള്ള പെരുമാറ്റമാണ് ദിവ്യയിൽ നിന്നുണ്ടായതെന്നാണ് വിമർശനം.

ദിവ്യയുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടായെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എസ്. എഫ്. ഐ യിൽ നിന്നും നേരിട്ട് പാർട്ടി ഉന്നത നേതൃപദവികളിലെത്തുന്ന യുവ നേതാക്കൾക്ക് വലതുപക്ഷ വ്യതിയാനം ഉണ്ടാകുന്നുവെന്നും   പ്രതിനിധികളിൽ ചിലർ ചൂണ്ടിക്കാട്ടി.

സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനെതിരെയും വിമർശനം ഉയർന്നു. ഇ.പിയുടെ ആത്മകഥാ വിവാദം ചേലക്കര തെരത്തെടുപ്പിനിടെ പുറത്തുവന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇ.പി ജയരാജൻ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തൽ ജനവിധിയെ ബാധിച്ചുവെന്നായിരുന്നു വിമർശനം. പാർട്ടിയെ സമ്മർദ്ദത്തിലാക്കാൻ ഇ.പി ബോധപൂർവ്വം ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു വിമർശനം.

എൽ.ഡി.എഫ് കൺവീനറായി സംസ്ഥാനമാകെ പ്രവർത്തനം നടത്തുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിക്കുകയും ചെയ്യേണ്ട എൽ. ഡി. എഫ് കൺവീനർ സ്വന്തം വീട്ടിലിരുന്ന് വാർത്താ സമ്മേളനം വിളിച്ച് മാധ്യമങ്ങളിൽ നിറയാൻ ശ്രമിച്ചുവെന്നാണ് വിമർശനം.