പത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നിയമ നടപടി വേണം : കെ കെ രാഗേഷ്
കണ്ണൂർ : നാമനിർദേശക പത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് വ്യാജരേഖ ചമക്കൽ. ഇതിന്റെ ഭാഗമായവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം.
പൗരന്റെ വോട്ടവകാശം നീതിയുക്തമായ ഭരണ സംവിധാനത്തെ തെരഞ്ഞെടുക്കാനുള്ള വിധി നിർണ്ണയാവകാശം കൂടിയാണ്. ഈ അവകാശത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും തകർക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. നാമനിർദ്ദേശ പത്രിക നൽകാനും പിന്താങ്ങാനും ആളില്ലാത്ത അവസ്ഥയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ വ്യാജ രേഖ തയ്യാറാക്കി ഇടപെടാനാണ് ഇവർ ശ്രമിച്ചത്. മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസിന്റെയും കൂത്തുപറന്പിൽ ബിജെപിയുടെയും പത്രികകളാണ് വ്യാജ ഒപ്പിട്ടതിനാൽ സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. മലപ്പട്ടം പഞ്ചായത്തിൽ 12-ാം വാർഡിലെ നിത്യശ്രീ, ആന്തൂരിൽ 18-ാം വാർഡിലെ വിമൽ മനോജ്, 13 -ാം വാർഡിലെ ഷമീമ, കൂത്തുപറമ്പ് നഗരസഭയിൽ 24ാം വാർഡിലെ ബി ജെ പി സ്ഥാനാർത്ഥി കെ കെ സ്നേഹ എന്നീ സ്ഥാനാർഥികളുടെ നോമിനേഷനാണ് തള്ളിയത്. വനിതാ സംവരണ വാർഡിൽ നൽകിയ മലപ്പട്ടത്തെ കൊളന്ത വാർഡിൽ നിലവിലെ യുഡിഎഫ് വാർഡ് മെമ്പർ ബാലകൃഷ്ണന്റെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കോളയാട് ഡിവിഷനിൽ ബിജെപിയിലെ കെ അനീഷിന്റെയും നോമിനേഷനും തള്ളി.
നോമിനേഷൻ പ്രക്രിയയിലെ ഈ നിലയിലുള്ള ക്രമക്കേടുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന് മാത്രമല്ല, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഇല്ലാതാക്കാനും ഇടയാക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ കിട്ടാതെ വരുമ്പോൾ തെറ്റായ ആരോപണങ്ങൾ സിപിഐ എമ്മിനെതിരെ കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് മാത്രമല്ല, പത്രിക സമർപ്പണത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും ക്രമക്കേടുകൾ നടത്താനും ഇവർ മുന്നിലാണ്. തെരഞ്ഞെടുപ്പിൽ ഏതു തരത്തിലുള്ള നിയമ വിരുദ്ധ ഇടപെടലും ജനാധിപത്യത്തെ അപഹസിക്കുന്നതാണ്. സംഭവത്തിൽ പങ്കുള്ളവർക്കെതിരെ തെരഞ്ഞെടുപ്പ്, ക്രിമിനൽ വകുപ്പുകൾ ഉൾപ്പെടുത്തി കർശനമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം. കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.