കണ്ണൂർ പാറാട്ടെ വടിവാൾ എന്തിയുള്ള സി.പി.എം പ്രവർത്തകരുടെ വീടാക്രമണം: അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

തദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വടിവാൾ ഏന്തി പ്രകടനം നടത്തുകയും വീടുകളിലും ഓഫീസുകളിലും കയറി അക്രമം അഴിച്ചുവിടുകയും ചെയ്ത കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ.

 

കണ്ണൂർ : തദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വടിവാൾ ഏന്തി പ്രകടനം നടത്തുകയും വീടുകളിലും ഓഫീസുകളിലും കയറി അക്രമം അഴിച്ചുവിടുകയും ചെയ്ത കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ. കൂത്തുപറമ്പ് എ.സി.പി: എം.പി ആസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കൊളവല്ലൂർ സി.ഐ: സി. ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ മൈസൂരുവിലെ ബോഘാടിയ ഒളിത്താവളത്തിൽവെച്ചാണ് ഇവരെ പിടികൂടിയത്. 

പാറാട് സ്വദേശികളായ മോട്ടേമ്മൽ ഹൗസിൽ എം. ശരത്ത് (29), കങ്കാച്ചിന്റവിട വീട്ടിൽ കെ. അതുൽ (32), പുത്തൂർ കല്ലായിന്റവിട ഹൗസിൽ കെ. അശ്വന്ത് (25), പാറാട് പട്ടർ വലിയത്ത്ഹൗസിൽ പി.വി ശ്രീജിൽ (24), പാറാട് ശ്രുതിലയം ഹൗസിൽ ടി. ശ്രേയസ് (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. യു.ഡി.എഫ് ആഹ്ലാദപ്രകടനം നടക്കവെ അവരെ അക്രമിക്കാൻ വന്ന സംഘത്തെ പോലീസ് തടയാൻ ശ്രമിച്ചതോടെ പോലീസിന് നേരെ കല്ലും മരവടിയും വലിച്ചെറിയുകയും പോലീസ്ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്ന  കേസും ഇവർക്കെതിരെയുണ്ട്. തുടർന്ന് വടിവാളുമായി പരസ്യമായി സംഘം ചേർന്ന് സമീപത്തെ യു.ഡി.എഫ് പ്രവർത്തകന്റെ വീട്ടിൽ കയറി വധഭീഷണി മുഴക്കുകയും അവിടെയുണ്ടായിരുന്ന കാറും ബൈക്കും വടിവാൾ കൊണ്ട് വെട്ടിയും മറ്റും നശിപ്പിക്കുകയും  ചെയ്ത കേസിലും ഇവർ പ്രതികളാണ്. പാറാട്ടെ മുസ്ലിംലീഗ് ഓഫീസ് അക്രമിച്ചുവെന്ന കേസും ഇവർക്കെതിരെയുണ്ട്. 

കേസിൽ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 14 പ്രതികളാണുള്ളത്. ഇനി ഏഴുപേരെ പിടികിട്ടാനുണ്ട്. ഇന്ന് പുലർച്ചെ പിടികൂടിയ  പ്രതികളെ ഇന്ന് രാവിലെ കൊളവല്ലൂർ  പോലീസ് സ്റ്റേഷനിൽ എത്തിച്ചു.  ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി. ഇന്ന് പിടിയിലായവർ സംഘത്തിലെ പ്രധാനികളാണ്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡംഗങ്ങളും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.