ഒടുവിൽ പാർട്ടി പറഞ്ഞു, ദിവ്യ ഒഴിഞ്ഞു; അഡ്വ. കെ.കെ. രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കണ്ണൂർ എഡിഎമ്മായിരുന്ന കെ. നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാകുറ്റം ചുമത്തി പൊലിസ് കേസെടുത്ത പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ നിന്നും മാറ്റാൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

 

കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന കെ. നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാകുറ്റം ചുമത്തി പൊലിസ് കേസെടുത്ത പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ നിന്നും മാറ്റാൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എ.ഡി.എം നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു.

അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പൊലിസ്കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. യുഡിഎഫും ബി.ജെ.പിയും പി.പി ദിവ്യ രാജി വയ്ക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുവന്നതിനെ തുടർന്നാണ് പി.പി ദിവ്യയെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ സി.പി.എം തയ്യാറായത്.