വെല്ലുവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് ടി.ഐ. മധുസൂദനനെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.കെ.വിനോദ്കുമാര്‍
ജൂഢീഷ്യറിയേയും പൊതു സമൂഹത്തേയും വെല്ലുവിളിച്ചു കൊണ്ട് പ്രസംഗിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസംഗം പയ്യന്നൂരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള സിപിഎം ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
കണ്ണൂര്‍: ജൂഢീഷ്യറിയേയും പൊതു സമൂഹത്തേയും വെല്ലുവിളിച്ചു കൊണ്ട് പ്രസംഗിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസംഗം പയ്യന്നൂരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള സിപിഎം ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധുസൂദനന്റെ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പയ്യന്നൂര്‍ എസ്എച്ച്ഒയ്ക്കും റൂറല്‍ എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഭരണഘടന സ്ഥാപനത്തിന്റെ 77 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം സമൂഹത്തെ ഞെട്ടിപ്പിക്കുന്ന പ്രസംഗമാണ് സിപിഎം നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. നിയമവാഴ്ചയെ മാനിക്കാത്തവരാണ്, ജഡ്ജിയെ അവഹേളിക്കുന്നവരാണ്, നീതി സ്വയം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്നവരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന് സിപിഎമ്മിന്റെ നേതാവായിട്ടുള്ള മുന്‍ എംഎല്‍എ പ്രഖ്യാപിച്ചിരിക്കുകയാണ്. ചീമേനിയില്‍ അഞ്ചു പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. എന്നാല്‍ കൊന്നവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കണക്ക് പറയേണ്ടത് പറഞ്ഞു തന്നെ തീര്‍ക്കും. അതിനൊന്നും സിപിഎമ്മിന് യാതൊരു മടിയുമില്ല എന്നടക്കം ആധികാരികമായി തന്നെ മധുസൂദനന് പറയുകയാണ്. എന്താണ് ഇതിലൂടെ പറയുന്നതെന്ന് വ്യക്തമാണ്.
ധനരാജ് വധക്കേസിലെ വിധി കോടതിയെ ബഹുമാനിക്കുന്നുവെന്നുള്ളത് കൊണ്ട് ഉള്‍ക്കൊള്ളുന്നു. ബിജെപി പ്രതിഷേധം നടത്തിയില്ല. പക്ഷേ ഈ സംഭവത്തിന്റെ പേരില്‍ ഇന്നലെ സിപിഎം നടത്തിയ പ്രസംഗം നാട്ടിലെ നിയമവ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും കോടതിയെയും വെല്ലുവിളിക്കുന്നതാണ്. മാത്രമല്ല ഈ സംഭവത്തില്‍ നിരപരാധികളാണെന്ന് തെളിഞ്ഞവര്‍ക്ക് നേരെയും ഭീഷണി ഉണ്ടാകുന്നു എന്നുള്ളതാണ് മധുസൂദനന്റെ പ്രസംഗത്തിലൂടെ വ്യക്തമാകുന്നത്.
മാധ്യമപ്രവര്‍ത്തകരേയും സോഷ്യല്‍ മീഡിയക്കാരെയും ഭീഷണിപ്പെടുത്തുകയുണ്ടായി. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചു ആരും മുന്നോട്ടു പോകേണ്ട; കിട്ടേണ്ടത് കിട്ടിയിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലും ഇവിടെ ഭീഷണി ഉണ്ടായിരിക്കുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക നയമാണോ ഇതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം.
ധനരാജ് വധക്കേസില്‍ കേസില്‍ 20 പേരെയാണ് പ്രതിചേര്‍ത്തത്. അതില്‍ ഒരു പ്രതിയെ നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ സിപിഎമ്മുകാര്‍ വകവരുത്തി. നാലു മുതല്‍ 20 വരെയുള്ള എല്ലാ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. വിധി പ്രഖ്യാപിക്കുന്ന അന്തിമഘട്ടത്തില്‍ മാത്രമേ ഭരണം മാറിയിട്ടുള്ളൂ.
സിപിഎമ്മിലെ ഗ്രൂപ്പ് വൈര്യമാണ് ധനരാജിന്റെ കൊലപാതകത്തിന് കാരണമായിട്ടുള്ളതെന്ന് അന്നേ ബിജെപി ഉന്നയിച്ചിട്ടുളളതാണ്. അതിലിപ്പോഴും ബിജെപി ഉറച്ചു നില്ക്കുന്നു. അതിനാല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ബിജെപി ഏതറ്റവരേയും നിയമ നടപടികളുമായി മുമ്പോട്ട് പോകും. ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ കുറെ ഭീഷണികള്‍ ഒക്കെ കണ്ടു വളര്‍ന്നവരാണെന്നും അതു കൊണ്ടുതന്നെ സിപിഎം നേതാവിന്റെ വെല്ലുവിളിയെ കണക്കിലെടുക്കുന്നില്ലെന്നും വിനോദ്കുമാർ പറഞ്ഞു. ബിജെപി നോര്‍ത്ത് ജില്ലാ ട്രഷറര്‍ പി.കെ. ശ്രീകുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.