കണ്ണൂർ പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം ; വ്യാപകമായി ഇരട്ട വോട്ടുകൾ ചേർത്തുവെന്ന് മുസ്ലിം ലീഗ്
പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം. വ്യാപകമായി ഇരട്ട വോട്ടുകൾ ചേർത്തുവെന്നാരോപിച്ച് മുസ്ലിം ലീഗ് നിയമ നടപടിക്കൊരുങ്ങുന്നു.
തളിപ്പറമ്പ : പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം. വ്യാപകമായി ഇരട്ട വോട്ടുകൾ ചേർത്തുവെന്നാരോപിച്ച് മുസ്ലിം ലീഗ് നിയമ നടപടിക്കൊരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ചില ഉദ്യോസ്ഥരുടെ ഒത്താശയോടുകൂടി വ്യാപകമായി ഇരട്ട വോട്ടുകൾ ചേർത്താണ് തെരെഞ്ഞെടുപ്പ് അട്ടിമറി നടത്തുവാൻ ശ്രമിക്കുന്നത്. പഞ്ചായത്തിലെ പ്രത്യേകിച്ച് സി.പിഎം ഭൂരിപക്ഷ പ്രദശങ്ങളും, പൊതുവെ ജനസാന്ദ്രത കുറഞ്ഞ വാർഡുകളും, തളിപ്പറമ്പ നഗരസഭ അതിർത്തി വാർഡുകളുമായ യഥാക്രമം 1,6,7,കയ്യം, പറപ്പുൽ വാർഡുകൾ കേന്ദ്രീകരിച്ചാണ് വ്യാപകമായ ഇരട്ട വോട്ടുകൾ ചേർക്കാൻ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്.
ഇത്തരത്തിൽ 21 പേരുടെ പട്ടിക മുസ്ലിം ലീഗ് കണ്ടെത്തിയിട്ടുണ്ട്. ഇവർ അന്തിമ പട്ടികയിൽ ഇടംപിടിച്ചാൽ മുസ്‌ലിം ലീഗ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടിയെ അറിയിച്ചിട്ടുണ്ട്. അശാസ്ത്രീയമായതും മനദണ്ഡങ്ങൾ പാടെ കാറ്റിൽ പറത്തിയ രീതിയിൽ നടത്തിയ വാർഡ് വിഭജനത്തിനെതിരെയും കോടതിയെ മുസ്ലിംലീഗ് സമീപിച്ചിട്ടുണ്ട്.
പട്ടുവം പഞ്ചായത്തിൽ മുസ്‌ലിം ലീഗും കോൺഗ്രസ്സും വ്യാപകമായി ഇരട്ട വോട്ട് ചേർത്തു എന്ന സിപിഎം തളിപ്പറമ്പ ഏരിയ സെക്രട്ടറിയുടെ പ്രസ്‌താവന സിപിഎമ്മിൻ്റെ വ്യാപകമായ ഇരട്ട ഡോട്ട് ചേർക്കൽ നീക്കത്തെ മറയിടാനുള്ള തന്ത്രമാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുകയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് പട്ടുവം പഞ്ചായത്തിലും അരിയിലുമുള്ള മുസ്ലിംലീഗ് ഭൂരിപക്ഷ പ്രദേശങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള പ്രസ്‌താവന നടത്തിയതെന്ന് അറിയില്ല, അത് തിരുത്തണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്.
പട്ടുവം പഞ്ചായത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള അരിയിൽ വാർഡിൽ പോലും 135 വോട്ടുകൾ മാത്രമാണ് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കെ, അരിയിൽ പ്രദേശത്തെ അവഹേളിക്കുന്ന രീതിയിലാണ് ഏരിയ കമ്മിറ്റി കഴിഞ്ഞ ദിവസം കള്ളവോട്ടിൻ്റെ പേരിൽ പ്രസ്‌താവന ഇറക്കിയിട്ടുള്ളത്. ഇത് തീർത്തും അടിസ്‌ഥാന രഹിതവും അപക്വമായ പ്രസ്‌താവനയാണെന്ന് മുസ്ലീം ലീഗ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മുസ്ലിംലീഗ് പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് കൂത്താട്ട്, ജനറൽ സെക്രട്ടറി പി.പി. സുബൈർ, ഗ്രാമപഞ്ചായത്ത് അംഗം ഹാമിദ് മാസ്റ്റർ, വെള്ളിക്കീൽ എന്നിവർ പങ്കെടുത്തു.