വിവാദങ്ങൾ അജൻഡയാക്കാതെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു; ചടയൻ ദിനാചരണത്തിൽ ഇ.പി ജയരാജൻ പങ്കെടുക്കും

പാർട്ടിയെ അടിമുടി ഉലച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളും കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനെ എൽ.ഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കിയ വിവാദങ്ങളും ശനിയാഴ്ച്ച രാവിലെ മുതൽ വൈകുന്നേരം വരെ കണ്ണൂർ പാറക്കണ്ടിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അംഗങ്ങളാരും ഉന്നയിച്ചില്ല.
 

കണ്ണൂർ: വിവാദങ്ങൾ കത്തി നിൽക്കവെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു. പാർട്ടിയെ അടിമുടി ഉലച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളും കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനെ എൽ.ഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കിയ വിവാദങ്ങളും ശനിയാഴ്ച്ച രാവിലെ മുതൽ വൈകുന്നേരം വരെ കണ്ണൂർ പാറക്കണ്ടിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അംഗങ്ങളാരും ഉന്നയിച്ചില്ല.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ ശ്രീമതി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്. മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജൻ യോഗത്തിൽ പങ്കെടുത്തില്ല. പാർട്ടി സമ്മേളനങ്ങളാണ് യോഗത്തിൽ മുഖ്യ അജൻഡയാ യെടുത്തതെന്നാണ് വിവരം. മൊറാഴ, പയ്യന്നൂർ കാര എന്നിവടങ്ങളിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പ്രാദേശിക പ്രശ്നങ്ങൾ കാരണം മുടങ്ങിയത് സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തു. 

Also read: പോലീസില്‍ അഴിമതിക്കാരുണ്ടോ? ഈ വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം, ബാക്കി പണി അന്‍വര്‍ കൊടുക്കും

ഇവിടങ്ങളിലെ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതിനായി ഏരിയാ ലോക്കൽ ഘടകങ്ങളെ ചുമതലപ്പെടുത്തി. ഇതിനായി ജില്ലാ കമ്മിറ്റി മോണിറ്ററിങ് നടത്തും. ലോക്കൽ ഏരിയാ സമ്മേളനങ്ങൾ വിവാദങ്ങളുണ്ടാകാതെ നടത്തണമെന്ന് എം.വി ഗോവിന്ദൻ നിർദ്ദേശിച്ചു. ഈ മാസം ഒൻപതിന് ചടയൻ ഗോവിന്ദൻ ചരമദിനാചരണം വിപുലമായി ആചരിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. 

പി.ബി അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി തുടങ്ങിയവർ പങ്കെടുക്കുമെന്ന് എം.വി ജയരാജൻ യോഗത്തിൽഅറിയിച്ചു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു ശേഷം പാർട്ടി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന ഇ.പി ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നില്ല. എന്നാൽ ചടയൻ ദിനാചരണത്തിൽ ഇ.പി പങ്കെടുക്കുമെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ പ്രതീക്ഷ.