സി.പി.എം ശക്തികേന്ദ്രമായ മൊറാഴയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനം മുഴുവൻ അംഗങ്ങളും ബഹിഷ്കരിച്ചത് വിവാദമാകുന്നു
കണ്ണൂർ : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ മണ്ഡലവും സി.പി.എം പാർട്ടികോട്ടയുമായ മൊറാഴയിൽ ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിനിധികളായ പാർട്ടി അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ മാറ്റിവെച്ചു.
ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും പ്രതിഷേധ സൂചകമായി വിട്ടു നിന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് നടക്കാതെ പോയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സമ്മേളനം ആരാഭിക്കേണ്ടിയിരുന്നത് സി.പി.എം തളിപറമ്പ് ഏരിയാ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ.
രാവിലെ 10 മണിക്ക് തന്നെ ഇദ്ദേഹവും ലോക്കൽ കമ്മിറ്റി മെംപർമാരുമായ ഒ സി പ്രദീപനും പ്രേമലതയും സമ്മേളനസ്ഥലത്ത് എത്തിയിരുന്നു. 14 മെംപർമാരാണ് ബ്രാഞ്ചിൽ ഉള്ളത്. സ്ത്രികൾ അടക്കമുള്ള ബ്രാഞ്ച് മെംപർ മാർ പ്രതിഷേധ സൂചകമായാണ് സമ്മേളനം ബഹിഷ്കരിച്ചു വിട്ടു നിന്നത്. ബ്രാഞ്ച് അതിർത്തിയിലെ ദേവർ കുന്ന് അംഗൻവാടിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാതെ ഒരു ബ്രാഞ്ച് സമ്മേളനവും ഇവിടെ നടത്താൻ വിടില്ലെന്ന നിലപാടാണ് മുഴുവൻ മെംപർമാരും സ്വീകരിച്ചത്.
പ്രശ്നം അടിയന്തിരമായി പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കാൻ മൂന്ന് മണിക്കൂർ സമയം തരാമെന്നും അതു കഴിഞ്ഞ് എല്ലാവരും സമ്മേളനസ്ഥലത്ത് എത്താമെന്ന് അറിയിക്കുകയായിരുന്നു. ലോക്കൽ നേതാക്കൾ സി.പി.എം ഏരിയാ നേതൃത്വത്തെ ബന്ധപ്പെട്ടുവെങ്കിലും നേരത്തെ ആന്തൂർ നഗരസഭ ഇറക്കിയ ഉത്തരവ് ഒറ്റ ദിവസം കൊണ്ടു തിരുത്തി ഇറക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ സമ്മേളന നടപടി ഉപേക്ഷിക്കുകയായിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് മൊറാഴയിൽ അണികളുടെ പ്രതിഷേധത്തെ തുടർന്ന് ബ്രാഞ്ച് സമ്മേളനം നടക്കാതെ പോകുന്നത്. ദേവർ കുന്ന് അംഗൻവാടി വിഷയത്തിൽ പ്രാദേശിക നേതൃത്വത്തെ മൂലക്കിരുത്തി ചില തൽപ്പര കക്ഷികൾക്ക് അനുകൂലമായി പാർട്ടി നേതൃത്വം തീരുമാനമെടുത്തുവെന്നാണ് ആരോപണം. 26,25വാർഡ് പരിധിയിലാണ് അംഗൻവാടി സ്ഥിതി ചെയ്യുന്നത്.
എന്നാൽ കുട്ടികൾ ഏറെയുള്ളത് 26വാർഡിലാണ് ഒന്നര മാസം ഈ അംഗൻവാടി പൂട്ടിക്കിടന്നിരുന്നു. രക്ഷിതാക്കൾ കുട്ടികളെ അയക്കാത്തതിനെ തുടർന്നാണ് പ്രവർത്തനം നിലച്ചത്. കുട്ടികളെ ഹെൽപ്പർ അന്യായമായി മർദ്ദിച്ചുവെന്നായിരുന്നു ആരോപണം. ഒട്ടേറെ പരാതികൾ ഹെൽപ്പർക്കെതിര ഉയർന്നിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ല ഇതു സംബന്ധിച്ചുള്ള വീഡിയോ നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു അംഗൻവാടി പൂട്ടിയതിനെ തുടർന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, സ്ഥിരം സമിതി ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പ്രേമരാജൻ മാസ്റ്റർ ആമിന ടീച്ചർ എന്നിവർ സ്ഥലത്തെത്തി യോഗം ചേർന്നിരുന്നു.
കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സി.പി.എം ഭരിക്കുന്ന നഗരസഭാ ഭരണാധികാരികൾ ഉറപ്പു നൽകിയിരുന്നുവെങ്കിലും ഈ ഉറപ്പ് പാലിച്ചില്ലെന്ന് പറയുന്നു. ഹെൽപ്പറെ അടുത്ത പ്രദേശത്തേക്കും വർക്കറെ കോൾ തുരുത്തിയിലേക്കും സ്ഥലം മാറ്റുകയും ചെയ്തു. മോണിറ്ററിങ് കമ്മിറ്റി യോ സ്ഥലത്തെ നഗരസഭാ കൗൺസിലർ പ്രശോഭോ അറിയാതെ രണ്ടു ദിവസം മുൻപ് അംഗൻവാടി തുറന്നതോടെയാണ് സി.പി.എമ്മിൽ പൊട്ടിത്തെറിയുണ്ടായത്.
എസ്. സി - എസ്.ടി വിഭാഗത്തിൽപ്പെട്ട വർക്കറെ പൊതുഗതാഗത സൗകര്യമില്ലാത്ത കോൾ തുരുത്തിയിലേക്ക് മാറ്റിയതിനെതിരെ പട്ടികജാതി കമ്മിഷന് അവർ പരാതിയും നൽകിയിട്ടുണ്ട്. അതേസമയം ഇരുപത്തിയഞ്ചാം വാർഡ് കൗൺസിലർ ഇടപെട്ടാണ് അംഗൻവാടി തുറന്നതെന്നും മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കാതെ തുറന്നത് അവരാണെന്നുമാണ് സി.പി.എം അഞ്ചാംപീടിക ബ്രാഞ്ച് ആരോപിക്കുന്നത്.
ബ്രാഞ്ച് സമ്മേളനം അംഗങ്ങൾ ബഹിഷ്കരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച രാത്രി മൊറാഴ ലോക്കൽ കമ്മിറ്റിയുടെ അടിയന്തിര യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.