പരാജയം ഉറപ്പിച്ച സിപിഎം കണ്ണൂർ ജില്ലയിൽ അക്രമ തേർവാഴ്ച നടത്തുന്നു: അഡ്വ. മാർട്ടിൻ ജോർജ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറച്ച മണ്ഡലങ്ങളിൽ പോലും അടിതെറ്റി വീഴുന്ന അവസ്ഥയിൽ സമനില തെറ്റിയ  സിപിഎം നേതൃത്വം ക്രിമിനൽ സംഘങ്ങളെ കയറൂരി വിട്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ്  അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു

 

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറച്ച മണ്ഡലങ്ങളിൽ പോലും അടിതെറ്റി വീഴുന്ന അവസ്ഥയിൽ സമനില തെറ്റിയ  സിപിഎം നേതൃത്വം ക്രിമിനൽ സംഘങ്ങളെ കയറൂരി വിട്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ്  അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. പയ്യന്നൂർ , തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലാണ് കൂടുതൽ അക്രമങ്ങൾ നടന്നിട്ടുള്ളത്. പയ്യന്നൂരിൽ യുഡിഎഫ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവരുടെ വീടുകൾക്കും വസ്തുവകകൾക്കും നേരെ ഭീകരമായ ആക്രമണമാണ് നടന്നിരിക്കുന്നത്. നേരത്തെ സിപിഎം നേതാവായിരുന്ന പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ വീട് കല്ലെറിഞ്ഞ് തകർത്ത് കാറിനു തീവെച്ചു. 

വീടടക്കം കത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്. വീട്ടുകാർ പെട്ടെന്നുണർന്ന് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. കുഞ്ഞി കൃഷ്ണനുവേണ്ടി ചുവരെഴുത്ത് നടത്തിയതിന്  സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്ത സംഭവം ഉണ്ടായി. സമാന രീതിയിലാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലപരിധിയിലും സിപിഎം അക്രമം നടത്തുന്നത്. മുല്ലക്കൊടി ജി യു പി സ്കൂളിലെ യുഡിഎഫ് പോളിംഗ് ഏജന്റ്  ഭാസ്കരന്റെ വീട് സിപിഎം ആക്രമി സംഘം അടിച്ചു തകർത്തു. മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവൻ തകർത്തു. അക്രമത്തിൽ പരുക്കേറ്റ നിരവധി കോൺഗ്രസ് പ്രവർത്തകർ ആശുപത്രികളിൽ ചികിത്സയിലാണ്. പയ്യന്നൂർ, തളിപ്പറമ്പ് നിയമസഭാ മണ്ഡല പരിധിയിൽ വ്യാപകമായ കള്ളവോട്ട് നടന്നതായി കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. പയ്യന്നൂരിലെ ഒരു ബൂത്തിൽ കാനഡയിൽ ഉള്ള ആതിരാ കൃഷ്ണന്റെ വോട്ട് ചെയ്തതായി കാണുന്നുണ്ട്. 

സിപിഎമ്മിൻ്റെ മുൻ കൗൺസിലറായ പോത്തേര കൃഷ്ണൻ തന്നെയാണ് മകളുടെ കള്ളവോട്ടിന് സൗകര്യം ഒരുക്കിയത്. നാട്ടിലില്ലാത്ത നിരവധി ആളുകളുടെ വോട്ട് ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സിപിഎം അക്രമങ്ങൾക്കെതിരെ പോലീസിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു അക്രമികൾക്ക് ഒത്താശ ചെയ്യുന്ന സമീപനം ചിലയിടങ്ങളിൽ പോലീസ് സ്വീകരിക്കുന്നതായി കാണുന്നുണ്ട്. കാക്കിക്കുപ്പായമിട്ട് സർക്കാർ ശമ്പളം പറ്റി എകെജി സെൻ്ററിലെ ദാസ്യപണി ശീലിച്ചവർ ആ ശീലം മാറ്റി നിഷ്പക്ഷമായി പ്രവർത്തിക്കുന്നതാകും നല്ലതെന്ന് മാർട്ടിൻ ജോർജ് ഓർമിപ്പിച്ചു.അക്രമമുണ്ടായ പ്രദേശങ്ങൾ ഡിസിസി പ്രസിഡണ്ടിനോടൊപ്പം നേതാക്കളായ പി ടി മാത്യു ,സ്ഥാനാർത്ഥികളായി ടി കെ ഗോവിന്ദൻ ,വി കുഞ്ഞികൃഷ്ണൻ ,ടി ഒ മോഹനൻ ,ടി ജനാർദ്ദനൻ ,കെ സി ഗണേശൻ ,രജനി രാമാനന്ദ് ,എ പി നാരായണൻ , എം കെ രാജൻ ,കെ ജയരാജൻ ,കെ പി ശശിധരൻ ,ടി സരസ്വതി എന്നിവർ   സന്ദർശിച്ചു.