സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന് മോറാഴയിൽ ഉജ്ജ്വല തുടക്കം
സിപിഐഎം തളിപ്പറമ്പ ഏരിയ സമ്മേളനത്തിന് മോറാഴ കോളേജിലെ കെ ബാലകൃഷ്ണൻ മാസ്റ്റർ നഗറിൽ തുടക്കമായി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: സിപിഐഎം തളിപ്പറമ്പ ഏരിയ സമ്മേളനത്തിന് മോറാഴ കോളേജിലെ കെ ബാലകൃഷ്ണൻ മാസ്റ്റർ നഗറിൽ തുടക്കമായി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജെപിയെ തോൽപ്പിക്കാൻ മതേതര മുന്നണി എന്ന ആശയം യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത് സിപിഎമ്മും അതിന്റെ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുമായിരുന്നുവെന്നും മതേതര ശക്തികളുടെ ഐക്യത്തിന്റെ ഫലമായാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിർത്താൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന അംഗം കെ കൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സി എം കൃഷ്ണൻ, എൻ അനൂപ്, സി അബ്ദുൾ കരീം, ടി പി അഖില എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ എം പി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വി ഗോപിനാഥൻ, ടി കെ ഗോവിന്ദൻ, എം പ്രകാശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മുകുന്ദൻ, പി കെ ശ്യാമള, ഏരിയാ സെക്രട്ടറിമാരായ എൻ അനിൽ കുമാർ, സാജൻ ജോസഫ്, എം സി രാഘവൻ, പി ചന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഏരിയാ സെക്രട്ടറി കെ സന്തോഷ് രക്തസാക്ഷി പ്രമേയവും ഏരിയാ കമ്മിറ്റിയംഗം ടി ബാലകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ ദാമോദരൻ സ്വാഗതം പറഞ്ഞു. രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ അച്ഛൻ രാജേന്ദ്രൻ, പന്നിയൂരിലെ രക്തസാക്ഷി പി കൃഷ്ണൻ്റെ സഹോദരൻ ചന്ദ്രനും സമ്മേളന പ്രതിനിധികളാണ്.
ഞായറാഴ്‌ച വൈകിട്ട് മൂന്നിന് മോറാഴ സ്‌റ്റംസ് കോളേജ് കേന്ദ്രീകരിച്ച് 15 ലോക്കലുകളിൽനിന്നായി 1100 ചുവപ്പ് വളണ്ടിയർമാരുടെ മാർച്ചും ബഹുജന പ്രകടനവും നടക്കും. വൈകിട്ട് നാലിന് ഒഴക്രോം കോടിയരി ബാലകൃഷ്ണൻ നഗരിയിൽ സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.