കണ്ണൂർ ബാരാപോളിൽ നാല് പശുക്കളെ അജ്ഞാത ജീവി ഫാമിൽ കയറി കടിച്ചു കൊന്നു : കടുവയെന്ന് സംശയം , നാട്ടുകാർ ഭീതിയിൽ
കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും കടുവാഭീതി. അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ അജ്ഞാത വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ
ഇരിട്ടി : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും കടുവാഭീതി. അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ അജ്ഞാത വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിൻറെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിൻറെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡൻറ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു. കടുവയിറങ്ങിയെന്ന ജനങ്ങളുടെ ഭീതിയെ തുടർന്ന് വനം വകുപ്പ് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.