തലശേരി കോടതി സമുച്ചയം ഉദ്‌ഘാടനം ഡിസംബറില്‍
ജില്ല ജുഡീഷ്യല്‍ ആസ്ഥാനമായ തലശേരിയില്‍ പുതിയ കോടതി സമുച്ചയം ഉദ്ഘാടനത്തിന് സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയാണ് തലശേരിയില്‍ യാഥാർഥ്യമാവുന്നത്
കണ്ണൂർ : ' ജില്ല ജുഡീഷ്യല്‍ ആസ്ഥാനമായ തലശേരിയില്‍ പുതിയ കോടതി സമുച്ചയം ഉദ്ഘാടനത്തിന് സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയാണ് തലശേരിയില്‍ യാഥാർഥ്യമാവുന്നത്.പുതിയ കെട്ടിടം ഡിസംബറില്‍ പ്രവർത്തനമാരംഭിക്കുന്നതോടെ നിലവിലെ പൈതൃക കെട്ടിടങ്ങളില്‍ പ്രവർത്തിക്കുന്ന പ്രിൻസിപ്പല്‍ ജില്ല സെഷൻസ് കോടതി, മുൻസിഫ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഒഴികെയുള്ള മറ്റെല്ലാ കോടതികളും പുതിയ സമുച്ചയത്തിലേക്ക് മാറും. കണ്ണൂർ - തലശേരി
ദേശീയപാതക്കരികിലാണ് നാലേക്കർ ഭൂമിയില്‍ എട്ടു നിലയില്‍ ആർച്ച് മാതൃകയില്‍ പണിത മനോഹരമായ കെട്ടിടമുള്ളത്. 1802ലാണ് തലശ്ശരി കോടതി ആരംഭിക്കുന്നത്. കൂർഗ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തലശ്ശേരി കോടതിയുടെ അധികാര പരിധിയിലായിരുന്നു. നിലവില്‍ 14 കോടതികളാണ് തലശേ രിയിലുള്ളത്.
ഇവയില്‍ നാല് അഡീഷനല്‍ ജില്ല കോടതികള്‍, കുടുംബ കോടതി, മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍, പോക്സോ സ്പെഷല്‍ കോടതി, രണ്ട് അസിസ്‌റ്റന്റ് സെഷൻസ് കോടതികള്‍, രണ്ട് മജിസ്ട്രേറ്റ് കോടതികള്‍ എന്നിവക്കൊപ്പം ടൗണ്‍ഹാള്‍ പരിസരത്ത് വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന വിജിലൻസ് കോടതിക്കും വ്യവസായ ട്രൈബ്യൂണലിന്റെ ക്യാമ്ബ് സിറ്റിങ്ങിനും കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായി അനുവദിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനും പുതിയ സമുച്ചയത്തില്‍ ഓഫിസുണ്ടാകും. എൻ.ഡി.പി.എസ് കോടതിയും ഇവിടെ പ്രവർത്തനമാരംഭിക്കും.
ഹൈകോടതി സമുച്ചയത്തോട് കിടപിടിക്കാവുന്നതാണ് ഈ കെട്ടിടം. കിഫ്‌ബി ഫണ്ടില്‍ നിന്നുള്ള 56 കോടി രൂപ ചെലവിലാണ് പുതിയ എട്ട് നില കെട്ടിടം പണിതത്. 136 മുറികളുണ്ട്. കാറ്റും വെളിച്ചവും കടന്നെത്തുന്ന വിധത്തിലാണ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഓഫിസർമാർ, അഭിഭാഷകർ, വനിത അഭിഭാഷകർ എന്നിവർക്കുള്ള വിശ്രമ മുറി, പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ്, ഡി.ഡി.പി ആൻഡ് എ.പി.പി ഓഫിസുകള്‍, അഭിഭാഷക ഗുമസ്തന്മാർക്കുള്ള മുറി, ഓരോ നിലയിലും സാക്ഷികള്‍ക്കായുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, കാന്റീൻ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തില്‍ ക്രമീകരിക്കും. കോടതികളില്‍ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കായി മുലയൂട്ടല്‍ കേന്ദ്രവും ഒരുക്കുന്നുണ്ട്. സോളാർ പാനല്‍ ഉപയോഗിച്ച് കെട്ടിടത്തിലേക്ക് മുഴുവൻ ആവശ്യമായ വൈദ്യുതിയും ഉല്‍പാദിപ്പിക്കും.
രണ്ട് ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണിയാണ് ഇവിടെ ഒരുക്കുന്നത്. ജല അതോറിറ്റിയുടെ 1.70 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും രണ്ട് ലക്ഷം ലിറ്ററിന്റെ ഫയർ ടാങ്കും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടം നേരത്തെ പൂർത്തിയായെങ്കിലും ഇലക്‌ട്രിക്കല്‍ വർക്കും ലിഫ്‌റ്റ് നിർമാണവുമടക്കം അല്‍പം വൈകിയിരുന്നു.