ദുബൈയിലെ കണ്ണൂര്‍ സ്വദേശിയായ വ്യവസായിയുടെ നൂറ്റി അന്‍പത് കോടി തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി
തലശേരി: കണ്ണൂര്‍ സ്വദേശിയുടെ ദുബൈയിലെ വ്യവസായ, -വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 150 കോടിയോളം രൂപ തട്ടിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തലശേരിജില്ലാ സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയില്‍ ആലപ്പുഴയിലെ പ്രിന്‍സ് സുബ്രഹ്മണ്യം, ചങ്ങനാശേരിയിലെ മഹാലക്ഷ്മി സുവേന്ദ്രന്‍ എന്നിവര്‍ക്കെതിരെ എടക്കാട് പൊലീസെടുത്ത കേസിലാണ് കോടതി നടപടി.
ദുബൈയിലെ വെല്‍ഗേറ്റ്‌സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന സജിത്താണ് വന്‍തട്ടിപ്പിനിരയായത്. സ്ഥാപനത്തിന്റെ നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദുബായിയിലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന എക്‌സ്ട്രീം ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി എംഡി പ്രിന്‍സ് സുബ്രഹ്മണ്യത്തിന് പവര്‍ഓഫ് അറ്റോര്‍ണി ഇദ്ദേഹം നല്‍കിയിരുന്നു. ഇതുപയോഗിച്ച് സ്ഥാപനത്തിന്റെ നിക്ഷേപവിവരങ്ങളടക്കം ചോര്‍ത്തി വിശ്വാസവഞ്ചന നടത്തുന്നതായി ബോധ്യപ്പെട്ടപ്പോള്‍ പവര്‍ഓഫ് അറ്റോര്‍ണി പിന്‍വലിച്ചു.
കുടുംബസുഹൃത്തായ മഹാലക്ഷ്മി സുവേന്ദ്രന് നടത്തിപ്പുചുമതല നല്‍കി. കമ്പനിയുടെ സാമ്പത്തികബാധ്യത പരിഹരിക്കാന്‍ നാട്ടില്‍വന്ന പരാതിക്കാരന് ബാധ്യത കാരണം യാത്രാവിലക്കുണ്ടായി. ഗഡുക്കളായി പണം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ലെറ്റര്‍ഹെഡുകള്‍, സീല്‍ എന്നിവയും മഹാലക്ഷ്മി സുവേന്ദ്രന് നല്‍കിയിരുന്നു. സുവേന്ദ്രനും പ്രിന്‍സും ചേര്‍ന്ന് വിശ്വാസവഞ്ചന കാട്ടുകയാണെന്ന് ബോധ്യമായതോടെ ദുബായിയിലും മറ്റ് എമിറേറ്റ്‌സുകളിലും കേസ് കൊടുക്കുകയും അവര്‍ക്ക് നല്‍കിയ അധികാരപത്രം യുഎഇയിലെ കോടതി മുഖേന റദ്ദാക്കുകയും ചെയ്തു.
ഇതിന്റെ വിരോധത്തില്‍ നേരത്തെ വാങ്ങിവച്ച വിവിധ ബാങ്കുകളുടെ ബ്ലാങ്ക് ചെക്കുകള്‍ ഉപയോഗിച്ച് തന്നെ കേസില്‍ കുടുക്കുകയാണെന്ന് സജിത്ത് പരാതിയില്‍ പറയുന്നു.
വിശ്വാസവഞ്ചനയും വ്യാജരേഖ ചമച്ചുള്ള തട്ടിപ്പും പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറിന്റെ വാദം ശരിവച്ചാണ് മുന്‍കൂര്‍ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തളളിയത്.