അടച്ചു പൂട്ടണം ...! കണ്ണൂരിൽ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന സെൻട്രൽ ജയിൽ പെട്രോൾ പമ്പ് അടച്ചുപൂട്ടണമെന്ന് കോർപറേഷൻ കൗൺസിൽ യോഗം
ഇതു സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ മുസ്ലീംലീഗ് അംഗം പി പി ജമാൽ അവതരിപ്പിച്ച അടിയന്തിര പ്രമേയം ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു
കണ്ണൂർ: ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പ് അടച്ചുപൂട്ടണമെന്ന് കോർപറേഷൻ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ മുസ്ലീംലീഗ് അംഗം പി പി ജമാൽ അവതരിപ്പിച്ച അടിയന്തിര പ്രമേയം ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. പെട്രോൾ പമ്പിന് സമീപത്തെ കിണറുകളിൽ ഇന്ധന സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം ആകുന്നത് വരെ പമ്പ് അടച്ചുപൂട്ടണമെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെലവിൽ പ്രശ്നബാധിത വീടുകളിൽ കുടിവെള്ള വിതരണവും കിണർ ശുചീകരണവും നടത്തണമെന്നും ദുരന്ത നിവാരണ വകുപ്പ് പ്രകാരം അടിയന്തിര തുടർ നടപടി സ്വീകരിക്കണമെന്നും സർക്കാരിനോടും ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെടാൻ ശനിയാഴ്ച്ച രാവിലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാത്ത വിഷയം അഡ്വ.ലിഷ ദീപക് കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തി. മിക്ക വാഹനങ്ങളും കാർ പാർക്കിംഗിന് പുറത്തും പോലീസ് സ്റ്റേഷനു മുൻ വശത്തും ഉൾപ്പെടെ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടനെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർത്ത് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മേയർ പറഞ്ഞു. കോർപറേഷനിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് മേയർ അഡ്വ.പി ഇന്ദിര പറഞ്ഞു
. ഉദ്യോഗസ്ഥരുടെ അഭാവം കോർപറേഷന്റെ വികസന പ്രവർത്തനത്തെ ബാധിക്കുമെന്നും മേയർ ചൂണ്ടിക്കാട്ടി. ഇന്നലെ കോർപറേഷൻ അസി.എഞ്ചിനിയറെ ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റിയ വിഷയം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ റിജിൽ മാക്കുറ്റി കൗൺസിലിൽ ചൂണ്ടികാണിച്ചപ്പോഴായിരുന്നു മേയറുടെ പ്രതികരണം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോൾ സമയവും സന്ദർഭവും നോക്കണമെന്ന് ഡെപ്യൂട്ടി മേയർ കെ പി താഹിർ പറഞ്ഞു.സർക്കാരിനെ നിരന്തരം വിമർശിക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷത്തെ വി കെ പ്രകാശിനി, കെ സീത എന്നിവർ ഉന്നയിച്ചു.
ജയിൽപുള്ളികളോട് കാണിക്കുന്ന സമീപനമെങ്കിലും കൗൺസിലർമാരോട് കാണിക്കണമെന്ന് ഭരണപക്ഷത്തെ കെ പി താഹിർ, ഷമീമ ടീച്ചർ, റിജിൽ മാക്കുറ്റി എന്നിവർ അഭിപ്രായപ്പെട്ടു. കൗൺസിലർമാർക്ക് ടാബ് വാങ്ങുന്നത് സംബന്ധിച്ച അജണ്ട പരിഗണനയിൽ വന്നപ്പോഴായിരുന്നു പരാമർശം.
റിജിൽ മാക്കുറ്റി, പി മഹേഷ്, ഡോ. കെ സി വത്സല,അനിൽകുമാർ എന്നിവർ കൗൺസിൽ യോഗത്തിൽ സംസാരിച്ചു.