വന്ദേ ഭാരത് കടന്നുപോകുന്നതിനിടെ പയ്യന്നൂരില്‍ പ്ലാറ്റ്ഫോമില്‍ ഹിറ്റാച്ചി കൊണ്ട് നിര്‍മാണ പ്രവര്‍ത്തനം; ട്രെയിൻ പെട്ടെന്ന് ബ്രേകിട്ട് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി

കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിനിടെ പയ്യന്നൂരില്‍ പ്ലാറ്റ്ഫോമില്‍ പാളത്തിനരികെ ഹിറ്റാച്ചി എക്‌സ്‌കവേറ്റർ കൊണ്ട് നിർമാണ പ്രവർത്തനം നടത്തുന്നത് കണ്ട് ട്രെയിൻ പെട്ടെന്ന് ബ്രേകിട്ട് നിർത്തി.

 

പയ്യന്നൂർ: കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിനിടെ പയ്യന്നൂരില്‍ പ്ലാറ്റ്ഫോമില്‍ പാളത്തിനരികെ ഹിറ്റാച്ചി എക്‌സ്‌കവേറ്റർ കൊണ്ട് നിർമാണ പ്രവർത്തനം നടത്തുന്നത് കണ്ട് ട്രെയിൻ പെട്ടെന്ന് ബ്രേകിട്ട് നിർത്തി. ഇതോടെ വൻ അപകട സാധ്യതയാണ് ഒഴിവായത്. 

ഹിറ്റാച്ചി എക്‌സ്‌കവേറ്റർ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കിയ ശേഷമാണ് വന്ദേ ഭാരത് യാത്ര പുനരാരംഭിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് റെയില്‍വെ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവത്തില്‍ കണ്ണൂർ ആർപിഎഫ് ഹിറ്റാച്ചി ഓപറേറ്റർക്കെതിരെ കേസെടുത്തു. 

ട്രെയിൻ കടന്നു പോകുമ്പോള്‍ മറ്റൊരു വാഹനവും പാളത്തിന് സമീപം ഉണ്ടാകരുതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവർത്തനം നടന്നുവരികയാണ്. പ്ലാറ്റ്ഫോമിൻ്റെ നിർമാണ പ്രവൃത്തിക്കായാണ് എക്‌സ്‌കവേറ്റർ അവിടെ കയറ്റിയതെന്ന് കരുതുന്നു. 

ട്രെയിൻ എത്തുമ്ബോള്‍ എക്‌സ്‌കവേറ്റർ പ്ലാറ്റ്ഫോമില്‍ തകൃതിയായ പണിയിലായിരുന്നു. ഇതുകണ്ട ലോകോ പൈലറ്റ് ബ്രേകിട്ട് ട്രെയിൻ നിർത്തുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ഹിറ്റാച്ചി ഓപറേറ്റർക്ക് ഇത് പ്രവർത്തിപ്പിക്കാനുള്ള ലൈസൻസില്ലെന്ന് ആർപിഎഫ് -റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.