പകുതിവില തട്ടിപ്പിന് ഇരയായവർക്ക് നിയമസഹായവുമായി കോണ്‍ഗ്രസ്; പരാതി പരിഹാരത്തിന് ഹെൽപ്പ് ഡെസ്കിലെത്തിയത് 250 പേർ

സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പുമടക്കം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് നിയമസഹായവുമായി കോണ്‍ഗ്രസ്.

 

കണ്ണൂര്‍: സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പുമടക്കം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് നിയമസഹായവുമായി കോണ്‍ഗ്രസ്. ഇന്നലെ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ഡെസ്‌കില്‍ 250ലധികം പേരാണ് പരാതിയുമായെത്തിയത്.

ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ വി മനോജ്കുമാര്‍, അഭിഭാഷകരായ സോനാ ജയരാമന്‍, ആശാ വിശ്വന്‍, പ്രീത, കെ ശശീന്ദ്രന്‍, ജെ ഷാജഹാന്‍, അബ്ദുള്‍ വാജിദ് എന്നിവരാണ് പരാതികള്‍ സ്വീകരിച്ചത്.സംസ്ഥാനത്തുടനീളം നടന്ന തട്ടിപ്പില്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാര്‍ട്ടി കബളിപ്പിക്കപ്പെട്ടവര്‍ക്ക് നിയമ സഹായവുമായെത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം പ്രാദേശിക നേതാവ് അമ്പന്‍ മോഹനനാണ് അനന്തുകൃഷ്ണന്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘത്തിന് ജില്ലയില്‍ സഹായങ്ങള്‍ ചെയ്തു കൊടുത്തത്. രാഷ്ട്രീയ നേതൃത്വങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച് വ്യാപക തട്ടിപ്പ് നടത്തിയ സാഹചര്യത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് നിയമ സഹായം ചെയ്തു.

കൊടുക്കേണ്ട ബാധ്യത പൊതു പ്രവര്‍ത്തകര്‍ക്കുണ്ടെന്ന തിരിച്ചറിവിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇത്തരമൊരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തട്ടിപ്പിനിരയായവര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനുകളിലെത്തിയപ്പോള്‍ കേസെടുക്കാന്‍ പോലും തയ്യാറാകാതിരുന്ന അനുഭവം പല പോലീസ് സ്റ്റേഷനുകളിലുമുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നിയമസഹായത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയതെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജിനോടൊപ്പം നേതാക്കളായ അഡ്വ.ടി ഒ മോഹനൻ, അഡ്വ.വി പി അബ്ദുൽ റഷീദ്,ടി ജയകൃഷ്ണൻ, മനോജ് കൂവേരി, കായക്കൽ രാഹുൽ, ശ്രീജ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.