തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ മാലിന്യങ്ങളെന്ന് കോണ്‍ഗ്രസ് വിമത നേതാവ് പി.കെ രാഗേഷ്
കണ്ണൂര്‍: തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ മാലിന്യങ്ങളെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രാഗേഷ്തുറന്നടിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന കണ്ണൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രമേയത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിലരുടെ വ്യക്തിപരമായ താല്‍പര്യമാണ് ഇതിനു പിന്നില്‍. ചിലരുടെ മനോവിഭ്രാന്തിയാണ് തനിക്കെതിരെയുളള നീക്കങ്ങള്‍ക്കു പിന്നിലെന്നും പി.കെ രാഗേഷ് ആരോപിച്ചു.
പളളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു വിജയിച്ചതു പോലെ അര്‍ബന്‍ ബാങ്കിലും സ്വന്തം ബന്ധുക്കളെ ഇറക്കി വിട്ടു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ ചോദ്യം ചെയ്ത നടപടി ഒരിക്കലും പൊറുക്കാന്‍ സാധിക്കില്ലെന്നും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഥാനത്ത് പി.കെ രാഗേഷ് തുടരുന്നത് മാലിന്യം പേറുന്നതിന് സമാനമാണെന്നായിരുന്നു കണ്ണൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം പി.കെ രാഗേഷിനെതിരെയുളള വിമര്‍ശനമായി ഉന്നയിച്ചത്.
മാലിന്യം കഴുകികളയാന്‍ അവിശ്വാസ പ്രമേയം കോര്‍പറേഷനില്‍ കൊണ്ടുവരണമെന്നായിരുന്നു ഇവര്‍ ഡി.സി.സിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെയാണ് പരസ്യപ്രസ്താവനയുമായി പി.കെ രാഗേഷ് രംഗത്തുവന്നത്. ഇപ്പോഴത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനാണ് തന്നെ പളളിക്കുന്നില്‍ നിന്നും കൈപിടിച്ചു ആലിങ്കല്‍ വാര്‍ഡില്‍ മത്‌സരിപ്പിച്ചതെന്നും ഇന്നുവരെ തന്നെ എന്തിന് പുറത്താക്കിയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ലെന്നും പി.കെ രാഗേഷ് ആരോപിച്ചു. ഈക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ തന്നോട് പറയുകയാണെങ്കില്‍ ആ നിമിഷം സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും ചില മാലിന്യങ്ങളുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പി.കെ രാഗേഷ് പറഞ്ഞു.