ബി എൽ ഒയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: മാർട്ടിൻ ജോർജ്
പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് 18 ലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
കണ്ണൂർ : പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് 18 ലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കോൺഗ്രസുകാരനായ ബൂത്ത് ലെവൽ അസിസ്റ്റന്റിനെ ഗൃഹ സന്ദർശനത്തിനു കൂടെ കൂട്ടിയതിൻ്റെ പേരിൽ സിപിഎമ്മുകാരിൽ നിന്ന് അനീഷ് ജോർജിന് ഭീഷണി ഉണ്ടായിരുന്നു.
അനീഷ് ആത്മഹത്യ ചെയ്ത ദിവസം രാവിലെയും വീടിൻ്റെ പരിസരത്തുനിന്ന് സിപിഎമ്മുകാർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നാണ് മനസ്സിലാക്കുന്നത്. ജോലി സമ്മർദ്ദത്തിന് പുറമേ ഇത്തരത്തിൽ ഭരണകക്ഷിയിൽ നിന്നുള്ള മാനസിക സമ്മർദ്ദവും ബി. എൽ ഒമാർ കണ്ണൂർ ജില്ലയിൽ അനുഭവിക്കുകയാണ്. ജില്ലയിൽ മിക്കവാറും ബിഎൽ ഓമാർ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വങ്ങൾ പറയുന്നത് അനുസരിച്ചാണ് ജോലി ചെയ്യുന്നത്. വോട്ടർപട്ടിക സമഗ്ര പരിഷ്കരണം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം .
ഭരണകക്ഷിയുടെ അനാവശ്യ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും ബിഎൽഒ മാർ ഇരകളാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഇത്തരം ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ തൽക്കാലം നിർത്തിവെക്കണമെന്നും മതിയായ സമയമനുവദിച്ച് മാത്രം പുനരാരംഭിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.