അഴീക്കോട് വർഗ്ഗീയ കാർഡിറക്കി ഡി.വൈ.എഫ്.ഐ. ബോർഡെന്ന് പരാതി
അഴീക്കോട് നടക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ പോരാട്ടത്തിൽ പരാജയഭീതിപൂണ്ട സിപിഎം വർഗ്ഗീയ ദ്രുവീകരണശ്രമവുമായി രംഗത്ത്. യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ
കണ്ണൂർ: അഴീക്കോട് നടക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ പോരാട്ടത്തിൽ പരാജയഭീതിപൂണ്ട സിപിഎം വർഗ്ഗീയ ദ്രുവീകരണശ്രമവുമായി രംഗത്ത്. യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രചരണാർത്ഥം വൻകുളത്ത് വയൽ റോഡിൽ ശ്രീനാരായണ വായനശാലക്ക് സമീപം സ്ഥാപിച്ച ബോർഡിനോട് ചേർന്ന് ഡി.വൈ.എഫ്. ഐയുടെ പേരിൽ കഴിഞ്ഞദിവസം പ്രകോപനപരമായ വാചകങ്ങളുള്ള ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ. പ്രമോദ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
"മതം പറയുന്ന നാറികൾക്ക് വോട്ടില്ല" എന്നെഴുതി കരിം ചേലേരിയെ പോലെ അരനൂറ്റാണ്ടിൻ്റെ സംശുദ്ധ പൊതുപ്രവർത്തനത്തിനുടമയും അഭിഭാഷകനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റും പരിയാരം സി.എച്ച് സെൻ്റർ ഡയരക്ടറുമായ ഒരാൾക്കെതിരെ നട്ടാൽ മുളയ്ക്കാത്ത നുണ പ്രചരിപ്പിക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് പ്രമോദ് പറഞ്ഞു.
ഇത്തരത്തിൽ പലയിടത്തും കരുതിക്കൂട്ടി പ്രകോപനമുണ്ടാക്കാനും നാട്ടിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാനുമുള്ള ശ്രമമാണ് ഡിഫിയെ മുൻ നിർത്തി സിപിഎം നടത്തുന്നത്. ഇക്കാര്യത്തിൽ ഗൌരവമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവീനർ സി.പി. റഷീദും ആവശ്യപ്പെട്ടു.