വർഗീയ ശക്തികൾ ഭയപ്പെടുന്നത് ഗാന്ധിജിയുടെ ധാർമ്മികതയെ : ആർ. രാജഗോപാൽ

വർഗീയ ശക്തികൾ ഭയപ്പെടുന്നത് ഗാന്ധിജിയുടെ ധാർമികതയെയാണെന്നും അദ്ദേഹത്തിന്റെ പിൻതലമുറക്കാർ വിട്ടുപോയതും ആ ധാർമികതയാണെന്നും ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ.

 

കണ്ണൂർ: വർഗീയ ശക്തികൾ ഭയപ്പെടുന്നത് ഗാന്ധിജിയുടെ ധാർമികതയെയാണെന്നും അദ്ദേഹത്തിന്റെ പിൻതലമുറക്കാർ വിട്ടുപോയതും ആ ധാർമികതയാണെന്നും ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ.യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ  ബഹുസ്വരതയുടെ ഗാന്ധി സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി നടന്ന  പല ശബ്ദങ്ങൾ ഒരു സംവാദം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കീഴിൽ രാജ്യം വിഴുങ്ങപ്പെടുന്ന സാഹചര്യം നിലനിൽക്കെ നിസാരമായ കാര്യങ്ങൾ പറഞ്ഞ് കേരളത്തിൽ രാഷ്ട്രീയപാർട്ടികൾ തമ്മിലടിക്കുന്നത് ലജ്ജാവഹമാണ്.

വലിയ പാലങ്ങൾ, കെട്ടിടങ്ങൾ ഇവയൊക്കെയാണ് വികസനങ്ങൾ എന്ന് വിശ്വസിക്കുന്നവരാണ് പലരും. പക്ഷെ ഒട്ടും തൊഴിൽ സുരക്ഷിതത്വം ഇല്ലാത്ത സംവിധാനത്തിലാണ് യുവാക്കളെ നമ്മൾ ഇറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നില്ല.ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായി മുന്നിൽ നിന്ന് പോരാടിയ ചെറുപ്പക്കാരെ സെലിബ്രെറ്റ് ചെയ്യാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്ക് സാധിക്കുന്നില്ല.പുതു തലമുറയെ അനുഭാവത്തോടെയും അത്ഭുതത്തോടെയും കാണണം. ജെൻസികളിൽ വിവേചന ബുദ്ധി ഏറെയാണ്. ആര് പറയുന്നത് കൊള്ളണം തള്ളണം എന്നത് അവർക്കറിയാം. ഏറ്റവും നല്ല മാധ്യമ പ്രവർത്തനം നടത്തുന്നത് ഓൺലൈൻമീഡിയകളാണ്.  പിന്തിരിപ്പൻ മീഡിയകളുടെ അടിമകളാകാതെ ഉചിതമായത് തെരഞ്ഞെടുക്കേണ്ട വിവേചനബുദ്ധി നമ്മൾക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

സംവാദപരിപാടിയിൽ  കവി മാധവൻ പുറച്ചേരി,കേനന്നൂർ ഗാന്ധി സെനിറ്ററി മെമ്മോറിയൽ സൊസൈറ്റി ജനറൽ സെക്രട്ടറി സി സുനിൽ കുമാർ,എഴുത്തുകാരൻ കെ ടി ബാബുരാജ്,  ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എ പ്രദീപൻ, അധ്യാപിക എൻ സി നമിത,യുവ സംരംഭക സാന്ദ്ര വരയിൽ തുടങ്ങിയവരും സംസാരിച്ചു. ഈണപ്പൂക്കൾ കരോക്കെ ഗാനമേളയും നടന്നു. യുവ കലാസാഹിതി  ജില്ല പ്രസിഡന്റ്  ഷിജിത്ത് വായന്നൂർ അധ്യക്ഷനായി. സെക്രട്ടറി ജിതേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.