പിതാവറിയാതെ ആദരമൊരുക്കി മക്കൾ;സപ്തതിയിൽ കുടുംബ സ്നേഹസൗഹൃദങ്ങളുടെ അപൂർവ സംഗമം

പിറന്നാൾ ആഘോഷങ്ങൾ പലതുണ്ട്. എന്നാൽ സ്വന്തം എഴുപതാം പിറന്നാൾ അറിയാതെ പ്രിയപ്പെട്ടവരുടെ സ്നേഹവലയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുചെല്ലുക! ചിറക്കൽ പി.വി. സുകുമാരന് മക്കൾ ഒരുക്കിയ സപ്തതി ആഘോഷം അത്തരമൊരു വേറിട്ട അനുഭവമായി.ഗ്രാമീൺ ബാങ്ക് മുൻ മാനേജരും കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ പി.വി. സുകുമാരന്റെ എഴുപതാം പിറന്നാൾ

 

ചിറക്കൽ : പിറന്നാൾ ആഘോഷങ്ങൾ പലതുണ്ട്. എന്നാൽ സ്വന്തം എഴുപതാം പിറന്നാൾ അറിയാതെ പ്രിയപ്പെട്ടവരുടെ സ്നേഹവലയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുചെല്ലുക! ചിറക്കൽ പി.വി. സുകുമാരന് മക്കൾ ഒരുക്കിയ സപ്തതി ആഘോഷം അത്തരമൊരു വേറിട്ട അനുഭവമായി.ഗ്രാമീൺ ബാങ്ക് മുൻ മാനേജരും കലാ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ പി.വി. സുകുമാരന്റെ എഴുപതാം പിറന്നാൾ ആഘോഷമാക്കി മാറ്റാൻ മക്കൾ നേരത്തെ തന്നെരഹസ്യമായിആസൂത്രണം നടത്തിയിരുന്നു. അച്ഛന്റെസൗഹൃദവലയത്തിലുള്ളകലാസ്വാദകരെയും സഹൃദയരെയും പങ്കെടുപ്പിച്ചായിരുന്നു ആഘോഷം.

 അപ്രതീക്ഷിതമായി ഒരുക്കിയ ഈ സ്നേഹസംഗമത്തിൽ പിറന്നാൾകാരനെ ആദരിക്കാനും ആശംസകൾ നേരാനും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെത്തി.ബംഗളൂരുവിലുള്ള മക്കളായ അമ്പിളിയും ഡോ. അരുണും ചേർന്നാണ് അച്ഛന്റെ സതീർത്ഥ്യരേയും സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും ഒപ്പം ബന്ധുമിത്രാദികളേയും ഫോണിൽ വിളിച്ച് പിറന്നാൾ ദിനം രാവിലെ കണ്ണൂരിൽ ഒത്തുചേരാൻ ക്ഷണിച്ചത്. ഒരിക്കലും ഇക്കാര്യം അച്ഛനെ അറിയിക്കരുതെന്ന മക്കളുടെ സ്നേഹാഭ്യർഥന അവർ അക്ഷരംപ്രതി പാലിച്ചു. അങ്ങനെ അച്ഛനറിയാതെ, മക്കൾക്കൊപ്പം ചേർന്ന് എല്ലാ വരും കൂടി ഒരുക്കിയ ആദരവ് സുകുമാരന് മറക്കാനാവാത്ത പിറന്നാൾ സമ്മാനമായി.

ജീവിതത്തിലെ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ സമ്പാദിച്ച ഏറ്റവും വലിയ സമ്പത്ത് ബന്ധങ്ങളും സൗഹൃദങ്ങളുമാണെന്ന തിരിച്ചറിവുകൂടിയായി ഈ ഒത്തുചേരൽ. മക്കളുടെ കരുതലും സഹൃദയ സുഹൃത്തുക്കളുടെ ആദരവും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ സപ്തതി കേവലമൊരു ആഘോഷമല്ല, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ അടയാളമായി മാറി. മക്കളും സുഹൃത്തുക്കളും സഹപാഠികളുംകൂടി പിറന്നാൾ മധുരം സമ്മാനിക്കുമ്പോൾ ഒപ്പം ഒരു ദും:ഖം മാത്രം ... ഇതു കാണാൻ തൻ്റെ ജീവിത പങ്കാളിയില്ലല്ലോ എന്ന സങ്കടം . അകാലത്തിലുള്ള ഭാര്യയുടെ വേർപാടിൽ ഒറ്റപ്പെട്ടുവെന്ന ഒരു ചിന്ത   വരാത്തവണ്ണം സ്നേഹാദരത്തോടെ നയിക്കുന്ന മക്കൾ ഏവർക്കും മാതൃകയായി. 

പദ്മശ്രീ എസ്.ആർ.ഡി. പ്രസാദിന്റെ അധ്യക്ഷതയിൽ കെ.വി. സുമേഷ് എം.എൽ.എ. സപ്തതി ആദരസഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അർജുൻ മാവിലക്കണ്ടി, ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി ഡോ. എ.വി. അജയകുമാർ, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, സാഹിത്യകാരൻ രാജൻ അഴീക്കോടൻ, കൃഷ്ണമേനോൻ സ്മാരക ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി.കെ. അശോകവർമ, ചിറക്കൽ കോവിലകം ദേവസ്വം സ്പെഷ്യൽ ഓഫീസർ സി.കെ. സുരേഷ് വർമ്മ, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, പി. അമ്പിളി, ഡോ. പി. അരുൺ, രാജാസ് മുൻ പ്രിൻസിപ്പൽ ഡോ.പ്രശാന്ത്കൃഷ്ണൻ, ഡോ. എ.വി. പുരുഷോത്തമൻ, ടി.കെ. ദിവാകരൻ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. ആദരിക്കൽ, അനുമോദനം, ഗാനാലാപനം, പിറന്നാൾ കേക്ക് മുറിക്കൽ എന്നിവയും നടന്നു.

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ചെറുകുന്ന് സ്വദേശിയായ പി.വി. സുകുമാരൻ ഗ്രാമീൺ ബാങ്ക് മാനേജരായാണ് വിരമിച്ചത്. ദീർഘകാലമായി ചിറക്കൽ ചാമുണ്ഡിക്കോട്ടത്തിനടുത്താണ് താമസം.ചിറക്കൽ കടലായിയിൽ നടന്നുവരുന്ന സത്സംഗശതകം ജ്ഞാനസഭ, പെരുംകളിയാട്ടം സുവനീർ കമ്മിറ്റി തുടങ്ങി നിരവധി സാംസ്കാരിക കൂട്ടായ്മകളുടെ സജീവ ചാലകശക്തിയാണ് അദ്ദേഹം. ഏഴു പതിറ്റാണ്ടിന്റെ ജീവിതയാത്രയിൽ നേടിയെടുത്ത സൗഹൃദങ്ങളാണ് ഏറ്റവും വലിയ സമ്പത്തെന്ന സന്ദേശം സപ്തതിയാദരായണത്തിലൂടെ സമൂഹത്തിനു പകരുകയായിരുന്നു.