നിർമ്മിതബുദ്ധിയും റോബോട്ടിക്സും അനിമേഷനും വഴങ്ങുമെന്ന് തെളിയിച്ച് കുരുന്നുകൾ

 

കണ്ണൂർ : ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ സമാപിച്ചു. അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡെൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് , ത്രീഡി അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയ്യാറാക്കൽ എന്നിവയിലും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള മുഖം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വാതിൽ,ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം,  തരംതിരിക്കൽ യന്ത്രം തുടങ്ങിയവയിലുമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയറിൽ അധിഷ്ഠിതമാണ് എല്ലാ പ്രവർത്തനങ്ങളും. ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പ്രവര്‍ത്തിച്ച് വരുന്ന ൧൪൮ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 4888 അംഗങ്ങളാണുള്ളത്. സെപ്റ്റംബര്‍ മാസത്തിൽ നടന്ന  സ്കൂള്‍തല ക്യാമ്പുകളിൽ നിന്നും പ്രവ‍ർത്തന മികവിന്റെയടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 1108 കുട്ടികളാണ്  ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്. കൈറ്റ് മാസ്റ്റർ ട്രെയിനർമാരും പരിശീലനം സിദ്ധിച്ച ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ്സുമാരുമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.