വലിയ വെളിച്ചത്ത് അംഗനവാടി കുട്ടികൾ നേരിടുന്ന പൊടിശല്യം പരിഹരിക്കാൻ നടപടികളുമായി ബാലാവകാശ കമ്മീഷൻ*കമ്മീഷൻ ജില്ലാ സീറ്റിംഗിൽ 21 പരാതികൾ പരിഹരിച്ചു
കൂത്തുപറമ്പ് വലിയ വെളിച്ചത്ത് വ്യവസായ പാർക്കിനോട് അടുത്തുനിൽക്കുന്ന അംഗനവാടിയിൽ കുട്ടികൾ വലിയതോതിൽ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ഇടപെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഹാജരായെങ്കിലും ഇക്കാര്യത്തിൽ തുടർനടപടികൾ ആവശ്യമുണ്ട് എന്നാണ് കമ്മീഷൻ കാണുന്നതെന്നും അതിനാൽ സംഭവസ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കെ വി മനോജ് കുമാർ അറിയിച്ചു.
കണ്ണൂർ:കൂത്തുപറമ്പ് വലിയ വെളിച്ചത്ത് വ്യവസായ പാർക്കിനോട് അടുത്തുനിൽക്കുന്ന അംഗനവാടിയിൽ കുട്ടികൾ വലിയതോതിൽ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ഇടപെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഹാജരായെങ്കിലും ഇക്കാര്യത്തിൽ തുടർനടപടികൾ ആവശ്യമുണ്ട് എന്നാണ് കമ്മീഷൻ കാണുന്നതെന്നും അതിനാൽ സംഭവസ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കെ വി മനോജ് കുമാർ അറിയിച്ചു. അംഗനവാടിയിലെ കുട്ടികൾക്ക് പ്രയാസം ഉണ്ടാവാത്ത തരത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിന് കമ്മീഷൻ നിർദ്ദേശം നൽകി.
മുട്ടം-ബെരിക്ക- പെരിങ്ങാടി റോഡിൽ വെള്ളക്കെട്ട് ഉണ്ടായി കുട്ടികൾക്ക് നടന്നു പോകാൻ പറ്റാത്ത സാഹചര്യത്തിലും കമ്മീഷൻ ഇടപെട്ടു. വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യം പരിഹരിച്ചെന്ന് കരാറുകാരൻ അറിയിച്ചു. റോഡിൻ്റെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ പൂർത്തീകരിക്കാനുള്ള നിർദ്ദേശവും കമ്മീഷൻ നൽകി.
സിറ്റിങ്ങിൽ വന്ന 30 പരാതികളിൽ 21 എണ്ണം പരിഹരിച്ചു. ബാക്കിയുള്ള പരാതികളിൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കാനും ഉത്തരവ് നൽകാനുമായി മാറ്റിവച്ചു.
കമ്മീഷന്‍ അംഗം ബി മോഹൻ കുമാറും സിറ്റിംഗിൽ പങ്കെടുത്തു. സിറ്റിങ്ങിൻ്റെ ഭാഗമായി ബാലാവകാശ കമ്മീഷൻ കണ്ണൂർ ജില്ലയിൽ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി.
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ, മേലെ ചൊവ്വ ഹൈസ്കൂൾ, തോട്ടട ഹൈസ്കൂൾ, തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്.
സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. ചില സ്കൂളുകളിൽ കളിസ്ഥലം ഇല്ലാത്തത് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു. മെൻസ്ട്രൽ ഹൈജീൻ മാനേജ്മെൻ്റിൻ്റെ അപര്യാപ്തതയും കമ്മീഷൻ സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെ കുറിച്ചുള്ള അവബോധം അധ്യാപകർക്കും കുട്ടികൾക്കും ലഭ്യമാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണെന്ന് കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ. എഫ് വിൽസൺ, സിസിലി ജോസഫ്
കെ കെ ഷാജു, എന്നിവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായത്.