മുഴപ്പിലങ്ങാട്ട് കെടിഡിസിയുടെ മലബാർ കോർട്ട് യാർഡ് റിസോർട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
മലബാർ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന കെടിഡിസിയുടെ മുഴപ്പിലങ്ങാട് മലബാർ കോർട്ട് യാർഡ് റിസോർട്ട് ഇന്ന് ബുധനാഴ്ച്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മുഴപ്പിലങ്ങാട് : മലബാർ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന കെടിഡിസിയുടെ മുഴപ്പിലങ്ങാട് മലബാർ കോർട്ട് യാർഡ് റിസോർട്ട് ഇന്ന് ബുധനാഴ്ച്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളാകും.ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് പ്രവർത്തനം തുടങ്ങുന്ന മലബാർ കോർട്ട് യാർഡിൽ ലോകോത്തര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഫ്ബി ധനസഹായത്തോടെ 51.86 കോടി രൂപ ചെലവഴിച്ചാണ് ആറര ഏക്കർ വിസ്തൃതിയിൽ റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്.
എട്ട് കോട്ടേജുകൾ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികൾ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉൾപ്പെടെ 40 മുറികളാണ് റിസോർട്ടിലുള്ളത്. വിശാലമായ നീന്തൽക്കുളവും ലാൻഡ്‌സ്‌കേപ്പിങ്ങും ഇൻഡോർ റീക്രിയേഷൻ ഏരിയയും ഹെൽത്ത് ക്ലബ്ബും റിസോർട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
അക്വാ ഗ്രോവ്, അക്വാ വിസ്താ എന്നീ പേരുകളിൽ 285 ചതുരശ്ര അടി വീതമുള്ള രണ്ട് തരം മുറികൾ, ലിവിംഗ് സ്‌പെയ്സും 543 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള സ്യൂട്ട് റൂമുകൾ, 200 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ബിസിനസ്, ഔദ്യോഗിക മീറ്റിംഗുകൾ നടത്തുന്നതിന് ഡിജിറ്റൽ സംവിധാനത്തോടെയുള്ള ബോർഡ് റൂമും റിസോർട്ടിലുണ്ട്.
വടക്കൻ കേരളത്തിൽ അതിവേഗം വളരുന്ന ടൂറിസത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രീമിയം ഡെസ്റ്റിനേഷൻ പ്രോപ്പർട്ടിയായിട്ടാണ് മലബാർ കോർട്ട് യാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പശ്ചാത്തല സൗകര്യവും കോർപ്പറേറ്റ് ബോർഡ് മീറ്റിംഗ് റൂമും കോൺഫറൻസ് ഹാളും ഉൾപ്പെടെ മൈസ് ടൂറിസത്തിന് അനുയോജ്യമായ ഇടമായി റിസോർട്ട് മാറുമെന്നും മന്ത്രി പറഞ്ഞു.