കെടിഡിസിയുടെ മുഴപ്പിലങ്ങാട് മലബാർ കോർട്യാർഡ് ഫെബ്രുവരി 25 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മലബാർ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകൾ തുറന്ന് കണ്ണൂർ മുഴപ്പിലങ്ങാട് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെടിഡിസി) മലബാർ കോർട്യാർഡ് റിസോർട്ട് പ്രവർത്തനമാരംഭിക്കുന്നു.
കണ്ണൂർ: മലബാർ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകൾ തുറന്ന് കണ്ണൂർ മുഴപ്പിലങ്ങാട് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെടിഡിസി) മലബാർ കോർട്യാർഡ് റിസോർട്ട് പ്രവർത്തനമാരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ മുഴപ്പിലങ്ങാട് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ചാണ്.മുഴുപ്പിലങ്ങാട്-ധർമ്മടം ബീച്ച് ടൂറിസം സർക്യൂട്ടിൽ 6.5 ഏക്കർ വിസ്തൃതിയുള്ള മലബാർ കോർട്ട്യാഡിൽ ലോകോത്തര സൗകര്യങ്ങളാണുള്ളത്. കിഫ്ബി ധനസഹായത്തോടെ 51.86 കോടി രൂപ ചെലവഴിച്ചാണ് റിസോർട്ട് വികസിപ്പിച്ചിരിക്കുന്നത്.
എട്ട് കോട്ടേജുകൾ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികൾ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉൾപ്പെടെ 40 മുറികളാണ് റിസോർട്ടിലുള്ളത്. വിശാലമായ നീന്തൽക്കുളവും ഇൻഡോർ റീക്രിയേഷൻ ഏരിയയും ഹെൽത്ത് ക്ലബ്ബും റിസോർട്ടിൽ സജ്ജമാണ്.അക്വാ ഗ്രോവ്, അക്വാ വിസ്താ എന്നീ പേരുകളിൽ 285 ചതുരശ്ര അടി വീതമുള്ള രണ്ട് തരം മുറികൾ, ലിവിംഗ് സ്പെയ്സും 548 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള സ്യൂട്ട് റൂമുകൾ, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ബിസിനസ്, ഔദ്യോഗിക മീറ്റിംഗുകൾ നടത്തുന്നതിന് ഡിജിറ്റൽ സംവിധാനത്തോടെയുള്ള ബോർഡ് റൂം എന്നിവയും ഇതിലുണ്ട്.
വടക്കൻ കേരളത്തിൽ അതിവേഗം വളരുന്ന ടൂറിസത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രീമിയം ഡെസ്റ്റിനേഷൻ പ്രോപ്പർട്ടിയായിട്ടാണ് മലബാർ കോർട്യാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ പരിപാടികൾക്ക് ഉൾപ്പെടെ ഇത് വേദിയാക്കാനാകും. വിശാലമായ പശ്ചാത്തല സൗകര്യവും കോർപ്പറേറ്റ് ബോർഡ് മീറ്റിംഗ് റൂമും കോൺഫറൻസ് ഹാളും ഉൾപ്പെടെ മൈസ് ടൂറിസത്തിന് അനുയോജ്യമായ ഇടമായി റിസോർട്ടിനെ മാറ്റുന്നു. അതേസമയം വിനോദസഞ്ചാരികൾക്കും കൂടുംബങ്ങളുടെയും മറ്റും ഒത്തുചേരലുകൾക്കുമുള്ള ആകർഷകമായ സ്ഥലമായും ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാലമായ സ്വിമ്മിംഗ് പൂളും അതിന് ഉതകുന്ന മനോഹരമായ ലാൻഡ്‌സ്‌കേപ്പിങ്ങും റിസോർട്ടിനെ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുമെന്ന് കെടിഡിസി അധികൃതർ പറഞ്ഞു. മലബാർ കോർട്യാർഡിന്റെ അന്തരീക്ഷം ഡെസ്റ്റിനേഷൻ വെഡ്ഡിങ്, ഹണിമൂൺ, കുടുംബ ഒത്തുചേരലുകൾ എന്നിവയെ മനോഹരമാക്കാൻ പോന്നതാണന്നും അവർ കൂട്ടിച്ചേർത്തു.
2021 ഒക്ടോബർ 30 നാണ് മുഖ്യമന്ത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. സമയബന്ധിതമായും സൗന്ദര്യാത്മകമായും നിർമ്മാണം പൂർത്തിയായ മലബാർ കോർട്യാർഡിലൂടെ കെടിഡിസി മലബാർ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ്.