'ചേലേരി വരും അഴീക്കോട് മാറും' : പ്രകടനപത്രിക പ്രകാശനം ചെയ്ത് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്
അഴീക്കോട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങളകറ്റാൻ സമഗ്രവും ശാസ്ത്രീയവുമായ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രകടനപത്രിക ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് കെ.പി.സി.സി. ട്രഷറർ വി.എ. നാരായണന് നൽകി പ്രകാശനം ചെയ്തു.
അഴീക്കോട് : അഴീക്കോട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങളകറ്റാൻ സമഗ്രവും ശാസ്ത്രീയവുമായ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രകടനപത്രിക ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് കെ.പി.സി.സി. ട്രഷറർ വി.എ. നാരായണന് നൽകി പ്രകാശനം ചെയ്തു. അഞ്ചുവർഷം മുൻനിർത്തി 1800 ദിന കർമ്മപദ്ധതികളാണ് ഉള്ളടക്കം. വിശദമായ പഠനവും ജനങ്ങളിൽനിന്നും മാർഗനിർദ്ദേശവും സ്വീകരിച്ച് തയ്യാറാക്കി എന്നത് ഇതിനെ സാധാരണ പ്രകടനപത്രികയിൽ നിന്നും വേറിട്ടുനിർത്തുന്നു. "ഒരുദിനവും പാഴാക്കില്ല ഒരു വോട്ടും പാഴാക്കരുത്" എന്ന ഉറപ്പും വിശ്വാസ്യതയുമാണ് പ്രകടനപത്രിക വോട്ടർമാരോട് പങ്കുവെയ്ക്കുന്നത്.
റോഡുകൾ, പാലങ്ങൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയുടെ നവീകരണത്തോടൊപ്പം വിദ്യാഭ്യാസ, ആരോഗ്യ വയോജനപരിപാലന രംഗത്ത് നൂതനപദ്ധതികൾ, തീരദേശ–ഗ്രാമീണ മേഖലകളുടെ ശാക്തീകരണം, മത്സ്യബന്ധന രംഗത്തെ പുനരുജ്ജീവനം, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ, വനിതാ ശാക്തീകരണം, പാരമ്പര്യ ജ്ഞാനസംരക്ഷണത്തിന് പൈതൃക മ്യൂസിയം, വ്യവസായ–സ്റ്റാർട്ടപ്പ് സംരഭങ്ങൾ, ഗ്ലോബൽ ജോബ് ലിങ്ക്, എന്നിവയ്ക്ക് പത്രിക ഊന്നൽ നൽകുന്നു എന്ന് ഉള്ളടക്കം വിശദീകരിച്ച അഡ്വ.കരീം ചേലേരി പറഞ്ഞു.
അഴീക്കോട് ഹെൽത്ത് സെന്ററിനെ ആധുനിക സൌകര്യങ്ങളോടെ താലൂക്ക് ആശുപത്രിയായി ഉയർത്തൽ, വയോജനങ്ങൾക്കായി സ്നേഹവീട്, സ്കൂൾ–കോളേജ് തലങ്ങളിൽ എഐ ഇനീഷിയേറ്റീവ്സ്, കരിയർ ക്രാഫ്റ്റ് അക്കാദമി, ഇൻക്യൂബേഷൻ സെന്റർ, ഇൻക്ലൂസീവ് സ്കിൽ ഹബ്, മറൈൻ ഇൻസ്റ്റിറ്റ്യൂട്ട്, പയ്യാമ്പലം ബീച്ചിനെ ലോകഭൂപടത്തിലേക്ക് ഉയർത്തുന്ന ബ്ലൂ ഹോറൈസൺ - സമഗ്ര തീരദേശ ടൂറിസം പദ്ധതി, എക്കോ പുല്ലൂപ്പി ഹബ്ബ്, വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്; സ്റ്റാർട്ടപ്പ്, ഹാൻഡിക്രാഫ്റ്റ്, ഡിജിറ്റൽ പരിശീലനം, സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ, സ്പോർട്സ് അക്കാദമി, ഭിന്നശേഷിവിദ്യാർത്ഥികൾക്കായി ഹൃദ്യം റീഹാബിലിറ്റേഷൻ സെന്റർ, കെയർ പ്രവാസി, കൈത്തറി ഗ്രാമം എന്നിവ ഇതിലെ പ്രധാന പദ്ധതികളാണ്.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി അഴീക്കോടിനെ ഒരു മാതൃകാ മണ്ഡലമായി വികസിപ്പിച്ച് ഭാവി തലമുറക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അഴീക്കോടിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള സ്വപനപദ്ധതികളാണ് യു.ഡി.എഫ് ജനസമക്ഷം അവതരിപ്പിക്കുന്നതെന്ന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ. പ്രമോദ്, ജനറൽ കൺവീനർ സി.പി. റഷീദ് എന്നിവർ പറഞ്ഞു. ചടങ്ങിൽ കെ.ടി. സഹദുല്ല, കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.ടി. താഹിർ, തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ പി.കെ. സുബൈർ, ജില്ലാ പഞ്ചായത്ത് അംഗം കൊടിപ്പൊയിൽ മുസ്തഫ, അള്ളാംകുളം മഹമൂദ്, ബി.കെ. അഹമ്മദ് എന്നിവർ പങ്കെടുത്തു.