ചാവശേരിയിൽ ബൈക്കുൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശി മരിച്ചു ; സഹയാത്രികന് ഗുരുതര പരുക്കേറ്റു

ചാവശ്ശേരി പത്തൊൻപതാം മൈലിൽ കീഴ്പ്പള്ളി സ്വദേശികൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുകൂടിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

ഇരിട്ടി: ചാവശ്ശേരി പത്തൊൻപതാം മൈലിൽ കീഴ്പ്പള്ളി സ്വദേശികൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുകൂടിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   അത്തിക്കലിലെ തെക്കുംമ്പാടൻ പുരുഷോത്തമൻ (51) ആണ് മരിച്ചത്. കൂടെ യാത്രചെയ്ത അനീഷ് (46) നെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ പെയിന്റിങ് തൊഴിലാളികളാണ്. 

തിങ്കളാഴ്ച  രാവിലെ 11 മണിയോടെ തൊഴിലിടത്തിലേക്കു പോകവേ പുരുഷോത്തൻ ഓടിച്ച ബൈക്ക് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പുരുഷോത്തമൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.  
പരേതനായ തെക്കുംമ്പാടൻ കൃഷ്ണൻ്റെയും മാധവിയുടെയും മകനാണ്.  ഭാര്യ: അമ്പിളി (ജന സേവന കേന്ദ്രം, കീഴ്പ്പള്ളി).മക്കൾ: ഹിമ നന്ദ, ശിവ നന്ദ. സഹോദരങ്ങൾ: മുകുന്ദൻ (റിട്ട. ബാംബു കോർപ്പറേഷൻ), അശോകൻ ( പെയിൻ്റർ), സുകുമാരൻ (ഫയർമാൻ, മട്ടന്നൂർ അഗ്നി രക്ഷാ നിലയം), സുശീല, ശോഭ, പ്രസന്ന.