ജല അപകട മരണങ്ങള്‍ കുറയ്ക്കാന്‍ നീന്തല്‍; ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു   

ജല അപകട മരണങ്ങള്‍ കുറയ്ക്കാന്‍ നീന്തല്‍, ബോധവത്കരണ സന്ദേശമുയര്‍ത്തി ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ ഒന്‍പതുവരെയായിരുന്നു രാമന്തളി ഏറന്‍ പുഴയില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള നീന്തല്‍ പരിശീലനം സംഘടിപ്പിച്ചത്.
 

പയ്യന്നൂര്‍: ജല അപകട മരണങ്ങള്‍ കുറയ്ക്കാന്‍ നീന്തല്‍, ബോധവത്കരണ സന്ദേശമുയര്‍ത്തി ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ ഒന്‍പതുവരെയായിരുന്നു രാമന്തളി ഏറന്‍ പുഴയില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള നീന്തല്‍ പരിശീലനം സംഘടിപ്പിച്ചത്.

12 വയസ് മുതല്‍ 60 വയസ് വരെയുള്ള നീന്തല്‍ തീരെ വശമില്ലാത്തവര്‍ക്കുള്ള പ്രാഥമിക പഠനവും ഭാഗികമായി നീന്താന്‍ അറിയുന്നവര്‍ക്ക് ഒരുകിലോ മീറ്റര്‍ ദൂരം നീന്താനുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറിലേറെ പേരാണ് പരിശീലനത്തിനായി എത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ നീന്തല്‍ പഠിക്കാനെത്തിയിരുന്നു.

നീന്തല്‍ പരിശീലനത്തിലും നീന്തലിലും ലോക റെക്കോഡുകള്‍ സ്വന്തമാക്കിയ ചാള്‍സണ്‍ ഏഴിമലയും, കേരള പോലീസ് കോസ്റ്റല്‍ വാര്‍ഡനും നീന്തല്‍ പരിശീലകനുമായ വില്യംസ് ചാള്‍സണുമായിരുന്നു പരിശീലകര്‍. കുട്ടികളുള്‍പ്പെടെയുള്ളവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വിദഗ്ദ്ധരായ ലൈഫ് ഗാര്‍ഡുകളുടെ സുരക്ഷയിലായിരുന്നു പരിശീലനം. 

നീന്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം രാമന്തളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ദിനേശന്‍ നിര്‍വഹിച്ചു. അതേസമയം നീന്തൽ പരിശീലനത്തില്‍നിന്നും തെരഞ്ഞെടുത്തവരുടെ പുഴ നീന്തിക്കടക്കല്‍ ശനിയാഴ്ച രാവിലെ ആറു മണിക്ക് നടന്നു. ഇതോടൊപ്പം ഇവര്‍ക്ക് ജല അപകടങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനുള്ള പരിശീലനവും നല്‍കി. 

പുഴ നീന്തിക്കടക്കല്‍ പരിപാടി പയ്യന്നൂര്‍ ഡിവൈഎസ്പി എ.ഉമേഷ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യാതിഥിയായി. പുഴ നീന്തിക്കടന്നവരെ ഇരുവരും ചേര്‍ന്ന് മെഡല്‍ അണിയിച്ചു .