ചാലക്കുന്നുകാർ ചോദിക്കുന്നു, അപകടരഹിത യാത്രയ്ക്കായി മേൽപ്പാലം വരുമോ?
ദേശീയപാത 66-ന്റെ വികസനം പൂർത്തിയാകുമ്പോൾ ചാലക്കുന്നിൽ മേൽപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോട്ടട ഐ.ടി.ഐ, ഗവ. പോളിടെക്നിക്ക്, വനിതാ പോളിടെക്നിക്ക്, ജെ.ടി.എസ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണിത്
ചാല: ദേശീയപാത 66-ന്റെ വികസനം പൂർത്തിയാകുമ്പോൾ ചാലക്കുന്നിൽ മേൽപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോട്ടട ഐ.ടി.ഐ, ഗവ. പോളിടെക്നിക്ക്, വനിതാ പോളിടെക്നിക്ക്, ജെ.ടി.എസ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണിത്. കൂടാതെ ചാലക്കുന്നിൽ ശബരി എന്ന സ്ഥാപനത്തിൽ നൂറുകണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ രൂപരേഖ പ്രകാരം ചാലക്കുന്നിൽ മേൽപ്പാത ഇല്ലാത്തത് വിദ്യാർത്ഥികളെയും പ്രദേശവാസികളെയും വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ചാലക്കുന്നിൽ ബസ് ഇറങ്ങി ചിൻ ടെക്കിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇവർ കിഴുത്തള്ളിയിലോ ചാലയിലോ ഉള്ള അടിപ്പാതകൾ വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടി വരുന്നു. അതുപോലെ തന്നെ, തോട്ടട പോളിടെക്നിക്കിൽ പഠിക്കുന്ന കുട്ടികൾക്ക് വൈകുന്നേരം കൂത്തുപറമ്പ് ഭാഗത്തേക്ക് പോകാൻ ചാലക്കുന്നിൽ നിന്ന് ബസ് കയറാൻ കഴിയില്ല എന്നതും വലിയ പ്രതിസന്ധിയാണ്. ഇതേ പ്രയാസം തന്നെയാണ് പ്രദേശവാസികളും നേരിടുന്നത്.
പ്രശ്നപരിഹാരത്തിനായി ചാലക്കുന്നിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്ക് ഒരു നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. കൂടാതെ, തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിനായി കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം സാധ്യമാകുന്ന രീതിയിൽ വികസിപ്പിക്കണമെന്ന ആവശ്യവും കേരള സർക്കാരിന് മുന്നിലുണ്ട്.
ചാലക്കുന്നിനെയും തോട്ടടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. ഇതിനായി എട്ടു കോടിയിലധികം രൂപ സംസ്ഥാന സർക്കാർ റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. പാലത്തിന്റെ സ്ട്രക്ച്ചറൽ ഡിസൈൻ പാലക്കാട് ഡിവിഷൻ അംഗീകരിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ദേശീയപാതയിലെ മേൽപ്പാത കൂടി അനുവദിച്ചാൽ മാത്രമേ പ്രദേശത്തെ യാത്രാക്ലേശത്തിന് പൂർണ്ണമായ പരിഹാരമാകൂ എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.