'ശുചിത്വ സുന്ദര ചാല' മെഗാ ശുചീകരണം; കണ്ണൂർ ചാല ടൗണ്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു

എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചാല ടൗണില്‍ മെഗാ ശുചീകരണം സംഘടിപ്പിച്ചു

 

 രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

ചാല : നമ്മുടെ ചാല ശുചിത്വ സുന്ദരം, കൈകള്‍ കോര്‍ക്കാം നാടിന്റെ നന്മയ്ക്ക്' ക്യാമ്പയിന്റെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചാല ടൗണില്‍ മെഗാ ശുചീകരണം സംഘടിപ്പിച്ചു. രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.  ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ ചാല ജംഗ്ഷന്‍ വരെ മന്ത്രിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. 

മാലിന്യ നിര്‍മാര്‍ജന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ചാല ടൗണിന്റെ ശുചീകരണത്തിന് ഒരു സ്ഥിരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ബിന്ദു, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീധരന്‍ സംഘമിത്ര, ഹാരിസ് പടന്നോട്ട്, പി.കെ പത്മജ, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, റിസോഴ്‌സ് പേഴ്‌സണ്‍ കെ നാരായണന്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അജയകുമാര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി പ്രസീത എന്നിവര്‍ സംസാരിച്ചു.

ഹരിത കര്‍മ സേനാംഗങ്ങള്‍, ചാല ജി എച്ച് എസ് എസ്  സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, അധ്യാപകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, വ്യാപാരികള്‍, പള്ളികമ്മിറ്റി ഭാരവാഹികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.