കണ്ണൂർ തളാപ്പിൽ മതിലും കെട്ടിടവും തകർന്നു: ആരെയും ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യം ലഭിച്ചു

കണ്ണൂർ തളാപ്പിൽ മതിലും കെട്ടിടവും റോഡിലേക്ക് ഇടിഞ്ഞു വീണു. വൻ അപകടം ഒഴിവായി.

 

കണ്ണൂർ: കണ്ണൂർ തളാപ്പിൽ മതിലും കെട്ടിടവും റോഡിലേക്ക് ഇടിഞ്ഞു വീണു. വൻ അപകടം ഒഴിവായി. തളാപ്പ് എൽ.ഐ.സി ഓഫീസിനടുത്ത് എൻ.കെ.ബി.ടി പമ്പിന് പിറക് വശത്തെ സർവ്വീസ് സ്റ്റേഷനോട് ചേർന്നുള്ള പഴയ കെട്ടിടവും മതിലുമാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. വൈദ്യുതി ലൈനുകളും കേബിളുകളും പൂർണ്ണമായി തകർന്നു.

റോഡിലൂടെ നടന്നു പോകുന്നവർ മതിൽ ഇടിയുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തായി കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ഓടകൾശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് റോഡ് വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടത്തെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടിവീണത് ആശങ്കക്കിടയാക്കി.

അഗ്നിശമന രക്ഷാ സേന ജില്ലാ ഫയർ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ തകർന്നു വീണ കെട്ടിടത്തിന്റെയും മതിലിന്റെയും അവശിഷ്ടങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു. കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ജെ.സി.ബി സഹായത്തോടെ സ്ഥലത്ത് പ്രവർത്തി നടത്തിവരികയാണ്.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.