കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ഒപി പ്രതിസന്ധി പരിഹരിക്കണം: ഡിഎംഒയ്ക്ക് നിവേദനം നൽകി ഡിവൈഎഫ്ഐ നേതാക്കൾ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ (കാർഡിയോളജി) ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ഒപി ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) നിവേദനം നൽകി.

 

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ (കാർഡിയോളജി) ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ഒപി ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) നിവേദനം നൽകി.സ്വകാര്യ ആശുപത്രികളിലെ വലിയ ചികിത്സാച്ചെലവ് താങ്ങാനാവാതെ സാധാരണക്കാരായ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ഒപിയെ ആശ്രയിക്കുന്നത്. എന്നാൽ, പുലർച്ചെ മുതൽ മണിക്കൂറുകളോളം വരിനിന്നിട്ടും പലർക്കും ഒപി ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരുന്ന അവസ്ഥ നിലവിലുണ്ട്. 100 ടിക്കറ്റുകൾ നൽകിക്കഴിഞ്ഞാൽ പിന്നീട് വരുന്ന രോഗികൾക്ക് ചികിത്സ ലഭിക്കാത്തതും, ഇടത് സർക്കാരിന്റെ കാലത്ത് അനുവദിച്ച കാർഡിയോളജി വിഭാഗ ഡോക്ടർ തസ്തികയിലെ ഒഴിവ് നികത്താത്തതും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനവും ക്രമീകരണങ്ങളും ഇല്ലാത്തതും രോഗികളെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാക്കുകയാണ്.

ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും, കാർഡിയോളജി ഒപിയിൽ എത്തുന്ന മുഴുവൻ രോഗികൾക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ, ഷിബിൻ കാനായി ,ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. അഖിൽ, എന്നിവരുടെ നേതൃത്വത്തിലാണ് ഡിഎംഒയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. വിഷയത്തിൽ അനുഭാവപൂർവ്വമായ ഇടപെടൽ നടത്താമെന്ന് ഡിഎംഒ ഉറപ്പുനൽകി