ലോകകപ്പ് ആവേശം സ്‌കൂളുകളിലേക്ക്; പദ്ധതിയുമായി കണ്ണൂര്‍ വാരിയേഴ്സ്
ഫിഫ ലോകകപ്പ് 2026 ന്റെ ആവേശം കണ്ണൂരിലെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി 'വാരിയേഴ്സ് വേള്‍ഡ് കപ്പ്' എന്ന വിപുലമായ സ്‌കൂള്‍ എന്‍ഗേജ്മെന്റ് പദ്ധതിയുമായി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി. ജൂണ്‍ 15 മുതല്‍ ജൂലൈ 19 വരെ നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ ലോകകപ്പ് ആഘോഷത്തെ സ്‌കൂള്‍ ക്യാമ്പസുകളുമായി ബന്ധിപ്പിക്കുകയാണ് ക്ലബിന്റെ ലക്ഷ്യം
കണ്ണൂർ : ഫിഫ ലോകകപ്പ് 2026 ന്റെ ആവേശം കണ്ണൂരിലെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി 'വാരിയേഴ്സ് വേള്‍ഡ് കപ്പ്' എന്ന വിപുലമായ സ്‌കൂള്‍ എന്‍ഗേജ്മെന്റ് പദ്ധതിയുമായി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി. ജൂണ്‍ 15 മുതല്‍ ജൂലൈ 19 വരെ നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ ലോകകപ്പ് ആഘോഷത്തെ സ്‌കൂള്‍ ക്യാമ്പസുകളുമായി ബന്ധിപ്പിക്കുകയാണ് ക്ലബിന്റെ ലക്ഷ്യം.ഫിഫ ലോകകപ്പ് ആഘോഷിക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗ്രാസ്റൂട്ട്സ് ഫുട്ബോള്‍ സംസ്‌കാരം ശക്തിപ്പെടുത്തുക, ജില്ലയിലെ സ്‌കൂളുകളെ ഫുട്ബോളിലൂടെ ഒന്നിപ്പിക്കുക, ലോകകപ്പ് കാലയളവില്‍ സ്ഥിരമായ ഫുട്ബോള്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
അഞ്ച് ആഴ്ചകളിലായി നടക്കുന്ന പരിപാടിയില്‍ ഓരോ ആഴ്ചയും വ്യത്യസ്ത മത്സരങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫുട്ബോള്‍ ക്വിസ് മത്സരം, കമന്ററി മത്സരം, ഡ്രോയിങ്-പോസ്റ്റര്‍ മത്സരം, ഫുട്ബോള്‍ സ്‌ക്രാപ്ബുക്ക് നിര്‍മാണ മത്സരം, 'ബെസ്റ്റ് സ്‌കൂള്‍ ഫുട്ബോള്‍ കോര്‍ണര്‍ ചലഞ്ച്' എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 'ബെസ്റ്റ് സ്‌കൂള്‍ ഫുട്ബോള്‍ കോര്‍ണര്‍' മത്സരത്തില്‍ സ്‌കൂളുകള്‍ ലോകകപ്പ് പ്രമേയത്തില്‍ പ്രത്യേക ഫുട്ബോള്‍ കോര്‍ണറുകള്‍ ഒരുക്കണം. ലോകകപ്പ് പോസ്റ്ററുകള്‍, താരങ്ങളുടെ ചിത്രങ്ങള്‍, സ്‌കൂളിന്റെ ഫുട്ബോള്‍ നേട്ടങ്ങള്‍, കലാസൃഷ്ടികള്‍, വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ അവതരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഏറ്റവും മികച്ച ഫുട്ബോള്‍ കോര്‍ണര്‍ ഒരുക്കുന്ന സ്‌കൂളിനായിരിക്കും പുരസ്‌കാരം.
പദ്ധതിയുടെ ഭാഗമായി ആവശ്യമായ ഡിജിറ്റല്‍ പോസ്റ്ററുകള്‍, ബ്രാന്‍ഡിങ് മെറ്റീരിയലുകള്‍, ആഴ്ചതോറുമുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍, ക്വിസ്-മൂല്യനിര്‍ണയ സാമഗ്രികള്‍, സര്‍ട്ടിഫിക്കറ്റുകള്‍, സമ്മാനങ്ങള്‍, ഏകോപന സഹായം എന്നിവ കണ്ണൂര്‍ വാരിയേഴ്സ് നല്‍കും.മത്സരങ്ങള്‍ക്കപ്പുറം ഫുട്ബോളിനെ ഒരു പഠന-ആഘോഷ അനുഭവമാക്കി മാറ്റുകയും കുട്ടികളില്‍ ലോകകപ്പിനോടും കായികരംഗത്തോടും കൂടുതല്‍ താല്‍പര്യം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 'വാരിയേഴ്സ് വേള്‍ഡ് കപ്പ്' പദ്ധതി മുന്നോട്ട് പോകുന്നത്.