തലശേരിയിൽ ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. പാനൂർ വളളങ്ങാട് സ്വദേശി ആദിത്യ അനിൽകുമാറാണ് ആത്മഹത്യ ചെയ്തത്
തലശേരി: ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. പാനൂർ വളളങ്ങാട് സ്വദേശി ആദിത്യ അനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. പിന്നീട് ചികിത്സയിൽ കഴിയവെയാണ് ഇന്നലെ മരണമടഞ്ഞത്. ആദിത്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആൺസുഹൃത്തിന്റെ മർദ്ദനമേറ്റിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആദിത്യയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഞായറാഴ്ച്ച ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ എട്ടിന് തലശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആദിത്യയുടെ ആൺസുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മർദ്ദിച്ചിരുന്നു. ഈക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ആൺസുഹൃത്ത് മർദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതാണ് ആത്മഹത്യാശ്രമം നടത്താൻ കാരണമെന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു.
സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കണ്ണൂർ മിംസ് ആശുപത്രിയിലാണ് മൃതദേഹം ഇപ്പോഴുളളത്. പരിയാരം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‌മോർട്ടം നടക്കുക. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പാനൂർ പൊലീസ് അറിയിച്ചു